ADVERTISEMENT

തിരുവനന്തപുരം∙ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷിനെ സിപിഎം കൈവിട്ടേക്കും. അറസ്റ്റുണ്ടായാൽ രാജി സുനിശ്ചിതം. ആരോപണം ഉയർന്നതിനെ തുടർന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നു മാറിനിൽക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാർട്ടി നേതൃത്വം നൽകിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ രാജി ആവശ്യം പ്രസക്തമല്ലെന്നായിരുന്നു സിപിഎം നിലപാട്. സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ആരോപണങ്ങൾ ശക്തമായതോടെ പാർട്ടി നിലപാട് മാറ്റി.

മുകേഷിനെതിരെ സിപിഎമ്മിൽ ഏറെക്കാലമായി വിമർശനങ്ങളുയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് വിമർശനത്തിനു മൂർച്ച കൂടിയത്. ഒന്നരലക്ഷം വോട്ടിന് എൻ.കെ.പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ ജില്ലാ ഘടകം മുകേഷിനെതിരെ തിരിഞ്ഞു. മുകേഷ് പാർട്ടിക്ക് വിധേയനല്ലെന്നും പാർട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു പ്രധാന വിമർശനം. എംഎൽഎ എന്ന നിലയിൽ പാർട്ടിയുമായി യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും ആരോപണം ഉയർന്നു. മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ പാർട്ടിക്കു ക്ഷീണമായെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. വനിതാ അംഗങ്ങളും വിമർശനവുമായെത്തി. മുകേഷിനെതിരെ ജനവികാരം ഉയരുന്നത് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

മുകേഷ് സിപിഎം അംഗമല്ല. അതിനാൽ പാർട്ടിതല നടപടികൾ ഉണ്ടാകില്ല. പാർട്ടി ചിഹ്നത്തിലാണു മുകേഷ് മത്സരിച്ചത്. നടിയുടെ മൊഴി പരിശോധിച്ചശേഷം മുകേഷിനെ പൊലീസ് ചോദ്യംചെയ്യും. തെളിവുകൾ എതിരായാൽ അറസ്റ്റിലേക്ക് കടക്കേണ്ടിവരും. 2016ലാണ് മുകേഷ് ഇടതു സ്വതന്ത്രനായി കൊല്ലം നിയോജക മണ്ഡലത്തിൽനിന്ന് 17,611 വോട്ടിനു വിജയിച്ചത്. 2021ലും വിജയം ആവർത്തിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.

English Summary:

Kollam MLA Mukesh Faces Uncertain Future as Sexual Harassment Case Intensifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com