ഷാങ്ഹായ് കോർപറേഷൻ യോഗം: പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ
Mail This Article
ന്യൂഡൽഹി∙ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) രാജ്യത്തലവന്മാരുടെ യോഗത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ. ഒക്ടോബർ 15,16 തീയതികളിൽ പാക്കിസ്ഥാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. അതേസമയം ക്ഷണത്തിൽ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഷാങ്ഹായ് യോഗത്തിൽ പാക്കിസ്ഥാനെ ഇന്ത്യ ക്ഷണിക്കുകയും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിഡിയോ ലിങ്ക് വഴി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ടു പാക്കിസ്ഥാനിലെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണു സൂചന. പകരം കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അയയ്ക്കാനാണു സാധ്യതയെന്നും ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈയിൽ കസാഖ്സ്ഥാനിൽ നടന്ന എസ്‌സിഒ വാർഷിക ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പകരം വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്താന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.