പിണറായി വിജയൻ പ്രഫഷനൽ ലീഡർ, അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു: സർവീസ് സ്റ്റോറി എഴുതില്ലെന്ന് വി.വേണു
Mail This Article
കോട്ടയം ∙ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും പ്രഫഷനലായ ലീഡറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശനിയാഴ്ച ചീഫ് സെക്രട്ടറി പദവിയിൽനിന്നു പടിയിറങ്ങുന്ന ഡോ.വി. വേണു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാര്യത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു. ഏറ്റവും പ്രഫഷനലായ ബന്ധമായിരുന്നു മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്നത്. നവകേരള ബസ് യാത്ര മന്ത്രിമാർക്ക് റിഫ്രഷ്മെന്റ് ആയിരുന്നു. തന്നെക്കാൾ അനുഭവ പരിചയമുള്ളയാളാണ് ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്ന ഭാര്യ ശാരദ മുരളീധരൻ. വിരമിച്ചശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കില്ല. സർവീസ് സ്റ്റോറി എഴുതില്ലെന്നും കലാരംഗത്ത് സജീവമാകുമെന്നും ഡോ. വേണു പറഞ്ഞു.
∙ ഒരു വർഷവും രണ്ടു മാസവും നീണ്ട സേവനത്തിനു ശേഷം ചീഫ് സെക്രട്ടറി പദവിയിൽനിന്നു പടിയിറങ്ങുകയാണല്ലോ. എങ്ങനെയുണ്ടായിരുന്നു ഈ കാലയളവ്?
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവമാണ് ചീഫ് സെക്രട്ടറി പദവി. അത് അധികം പേർക്കു കിട്ടാത്ത അനുഭവം കൂടിയാണ്. ആ പദവിയിൽ ഇരുന്ന ശേഷം വിരമിക്കുന്നതിൽ സന്തോഷമുണ്ട്. ചീഫ് സെക്രട്ടറി പദവി ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.
∙ സർക്കാർ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ടിരുന്നല്ലോ?
ചീഫ് സെക്രട്ടറി പദവി ഒരു ക്രൈസിസ് മാനേജ്മെന്റ് കൂടിയാണ്. അത്തരത്തിൽ ധാരാളം കാര്യങ്ങൾ കൈകാര്യം ചെയ്തു. അതെല്ലാം നന്നായി ചെയ്തുവെന്നാണു ഞാൻ സ്വയം വിലയിരുത്തുന്നത്.
∙ കടുത്ത സമ്മർദമനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?
ടെൻഷനുണ്ട്. അത് സ്ഥിരമായിരുന്നു. ചീഫ് സെക്രട്ടറി ജോലിയുടെ കൂടപ്പിറപ്പാണ് ടെൻഷൻ. പല കാര്യങ്ങളും സമയബന്ധിതമാണ്. പെട്ടെന്നു തന്നെ പലതും കൃത്യമായി ചെയ്തു തീർക്കേണ്ടതുണ്ട്. ഏറ്റവും പ്രാധാന്യമുള്ള, ജനങ്ങളുമായി അടുത്ത ബന്ധമുള്ള വിഷയങ്ങൾ സ്ഥിരമായി മന്ത്രിസഭാ യോഗത്തിൽ വരും. അതിലൊക്കെ കൃത്യമായ തീരുമാനം എടുക്കേണ്ടതുണ്ട്. അതു ദിനചര്യയുടെ ഭാഗം തന്നെയായിരുന്നു.
∙ മന്ത്രിസഭാംഗങ്ങൾ എങ്ങനെയുണ്ടായിരുന്നു?
ഒന്നോ രണ്ടോ മന്ത്രിമാരെയാണല്ലോ നമ്മൾ പൊതുവെ കാണുക. ഇവിടെ എല്ലാ മന്ത്രിമാരുമായും എനിക്കു ബന്ധമുണ്ടായിരുന്നു. നേരത്തെയുള്ള ബന്ധങ്ങൾ പലതും ദൃഢമായി. വലിയ പരിചയമില്ലാത്ത മന്ത്രിമാരുമായും നല്ല ബന്ധമുണ്ടായി.
∙ മുഖ്യമന്ത്രി പൊതുവേ പരുക്കനായാണല്ലോ വിലയിരുത്തപ്പെടുന്നത്. താങ്കളുടെ അനുഭവം എങ്ങനെയായിരുന്നു?
അദ്ദേഹം ഒരിക്കലും പരുക്കനല്ല. ഞാൻ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും പ്രഫഷനലായ ലീഡറാണു മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാര്യത്തെയും അതിന്റെ മെറിറ്റിലാകും അദ്ദേഹം കാണുക. തന്റെ സമയം വിലപ്പെട്ടതാണെങ്കിൽ താനുമായി ഇടപഴകുന്ന ഓരോരുത്തരുടെയും സമയവും വിലപ്പെട്ടതാണെന്ന് അദ്ദേഹത്തിന് അറിയാം. കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യും. ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടില്ല. അനാവശ്യമായി ഒരു വാക്കും പറയില്ല. ഏറ്റവും ഭംഗിയായി തന്റെയും സർക്കാരിലെ മറ്റുള്ളവരുടെയും സമയം ഉപയോഗിക്കും. അതൊക്കെ നല്ലൊരു പ്രഫഷനലിലേ കാണാൻ സാധിക്കുകയുള്ളൂ. ഒരു കാര്യത്തിൽ പോലും എനിക്കു മോശം അനുഭവമുണ്ടായിട്ടില്ല. പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അങ്ങനെയുള്ള കാര്യങ്ങൾ അറിയിക്കേണ്ടത് എന്റെ ജോലിയാണ്. അതിനു മേലെ ഒരു തീരുമാനമെടുക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജോലി. രണ്ടുപേരും അവരവരുടെ ജോലി ഭംഗിയായി നിർവഹിക്കണം. ഏറ്റവും പ്രഫഷനലായ ബന്ധമായിരുന്നു മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്നത്.
∙ നവകേരള ബസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പം യാത്ര ചെയ്ത അനുഭവം എന്തായിരുന്നു?
അങ്ങനെയൊരു അനുഭവം ഇതുവരെ ഒരു ചീഫ് സെക്രട്ടറിക്കും കിട്ടിയിട്ടില്ല, ഇനിയുള്ള ചീഫ് സെക്രട്ടറിമാർക്ക് കിട്ടുമോയെന്നും അറിയില്ല. ഔദ്യോഗികമായ ചട്ടക്കൂട്ടുകൾ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക അടുപ്പമുണ്ട്. ആ അടുപ്പം മന്ത്രിമാർക്കും എനിക്കും ഇടയിലുണ്ടായി. ജനക്കൂട്ടം കാണുന്നതും അവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതും മന്ത്രിമാർക്ക് ഉന്മേഷം നൽകുന്നതായിരുന്നു. പാർട്ടിയിലേത് അടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളപ്പോഴായായിരുന്നു ഈ യാത്ര. അതിന്റെ പുതുമയും പ്രത്യേകതയും മന്ത്രിമാർക്ക് ഒരു റിഫ്രഷ്മെന്റ് ആയിരുന്നു. അവരുടെ തമാശകളിലൊക്കെ പങ്കുചേരാനുള്ള അവസരം എനിക്കും കിട്ടി. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലല്ല അവരെന്നെ കണ്ടത്.
∙ ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോഴാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത്. പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹവുമായി ഏറ്റവും ഇടപഴകിയതും താങ്കളായിരുന്നല്ലോ?
പ്രധാനമന്ത്രിയുടെ കൂടെ ചെലവഴിച്ച സമയം ഞാൻ ഒരിക്കലും മറക്കില്ല. നേരത്തേ പറഞ്ഞതു പോലെ ഒരു ചീഫ് സെക്രട്ടറിക്കും ലഭിക്കാത്ത അനുഭവമായിരുന്നു അത്. അഞ്ചു മണിക്കൂറോളം ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം ചെലവിട്ടു. അതിൽ ഭൂരിഭാഗം സമയവും അദ്ദേഹത്തിനോടു തന്നെ സംസാരിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഗൈഡ് എന്നതിനൊപ്പം വിവർത്തകൻ കൂടിയായിരുന്നു. ഹിന്ദി എനിക്ക് നല്ലതുപോലെ അറിയുന്നതു കൊണ്ട് ഈ വിഷയങ്ങളൊക്കെ പ്രധാനമന്ത്രിക്കു പറഞ്ഞുകൊടുക്കാൻ സാധിച്ചു. ദുരിതബാധിതരോട് അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ മൊഴിമാറ്റം അങ്ങോട്ടും ഇങ്ങോട്ടും നടത്തിയതു വലിയ അനുഭവമായിരുന്നു.
∙ ചീഫ് സെക്രട്ടറി പദവിയിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷം?
അങ്ങനെ പ്രത്യേക നിമിഷമില്ല. ഓരോ ആഴ്ചയിലും മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ എടുക്കുന്നതിനു പിന്നിലും മുന്നോട്ടു കൊണ്ടുപോകുന്നതിലുമൊക്കെ വലിയ ജോലിയുണ്ട്. ഒരു ടീമാണ് അതിനു പിന്നിൽ. വളരെ ഫലപ്രദമായിത്തന്നെ സർക്കാർ തീരുമാനങ്ങളെടുക്കുന്നതിനാൽ ഒരുപാട് ഫയലുകൾ മന്ത്രിസഭാ യോഗത്തിലേക്കു വരുമായിരുന്നു. അതിൽ ചെറുതും വലുതുമായ കാര്യങ്ങൾ കാണും. ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുന്നയാൾക്ക് എത്രയോ കാലത്തിനു ശേഷമാകും അതിലൊരു തീരുമാനമുണ്ടാവുക. ആ തീരുമാനമെടുക്കാനുള്ള കടലാസുകളൊക്കെ ശരിയാക്കിയെടുക്കണം. ഒടുവിൽ ആ ഉത്തരവിറങ്ങുമ്പോൾ എനിക്കും ഒരു സന്തോഷം കാണും. വലിയ കാര്യങ്ങളിലും ഇങ്ങനെ തന്നെ.
∙ ഭാര്യയ്ക്ക് ചീഫ് സെക്രട്ടറി പദവി കൈമാറി പടിയിറങ്ങുമ്പോൾ നൽകുന്ന ഉപദേശമെന്താണ്?
അവർക്ക് ഉപദേശം നൽകാൻ ഞാനാരാണ്? എന്നെക്കാൾ കൂടുതൽ അനുഭവപരിചയമുള്ള ഒരാളാണ് ചീഫ് സെക്രട്ടറി പദവിയിലേക്കു വരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ നടപടിക്രമങ്ങൾ പോലുള്ള കാര്യങ്ങളാണ് എനിക്കു പറഞ്ഞുകൊടുക്കാനുള്ളത്. അതൊക്കെ ഒരു മന്ത്രിസഭാ യോഗം കഴിയുമ്പോൾത്തന്നെ ശാരദ പഠിക്കും.
∙ വിവാദങ്ങളിൽ പെടാതെ എങ്ങനെയാണ് പിടിച്ചുനിന്നത്?
വിവാദങ്ങളിലൊക്കെ പെടാമായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ പണ്ടേ ചെയ്തൊരു കാര്യമുണ്ട്. പറയാനുള്ളത് പറയും, ആൾക്കാരോടു തുറന്നു സംസാരിക്കും. ഒരു ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നു പലരും പറയും. എനിക്ക് അതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. ഒരു കാര്യം തെറ്റായി റിപ്പോർട്ട് ചെയ്യുന്നതു കണ്ടാൽ ആ റിപ്പോർട്ടറെ വിളിച്ച് നിങ്ങൾ കൊടുക്കുന്ന വാർത്ത തോന്ന്യാസമാണെന്നു ഞാൻ പറയും. പലപ്പോഴും അത് ഞാൻ ചെയ്തിട്ടുമുണ്ട്. അങ്ങനെ വരുമ്പോൾ എന്റെ ഉദ്ദേശ്യശുദ്ധിയെ ആൾക്കാർ ചോദ്യം ചെയ്യില്ല. ഇന്നോ ഇന്നലെയോ ഇവിടെ വന്നയാളല്ല ഞാൻ. എന്നെ അറിയുന്ന ആൾക്കാർക്കെല്ലാം എന്നെപ്പറ്റിയൊരു ഇമേജുണ്ട്.
∙ കുറച്ചുകാലമായി, വിരമിച്ച ചീഫ് സെക്രട്ടറിമാർക്ക് അതിനുശേഷം പദവികൾ ലഭിക്കുന്നുണ്ട്. അങ്ങനെയെന്തെങ്കിലും ഓഫറുണ്ടോ?
(പൊട്ടിച്ചിരിക്കുന്നു) ഓഫറുകൾ ഇതുവരെയില്ല.
∙ ഓഫർ കിട്ടിയാൽ സ്വീകരിക്കുമോ?
അത്തരം ഓഫറുകളിലൊന്നും പെടാതെ സ്വസ്ഥമായും സന്തോഷമായും സർക്കാർ സർവീസിൽനിന്ന് ഇറങ്ങണമെന്നാണ് എന്റെ ആഗ്രഹം.
∙ ഭാവി പരിപാടി എന്താണ്?
അത് പറയാനും ആലോചിക്കാനും ധാരാളം സമയമുണ്ട്. ഇതാണു ചെയ്യാൻ പോകുന്നതെന്നു പറയാറായിട്ടില്ല.
∙ സർവീസ് സ്റ്റോറി പ്രതീക്ഷിക്കാമോ?
ഒരിക്കലുമില്ല (വീണ്ടും പൊട്ടിച്ചിരി). ഞാൻ എന്തെങ്കിലും ഒന്ന് ചെയ്യില്ലെന്നു ധൈര്യമായി പറയാമെങ്കിൽ അത് സർവീസ് സ്റ്റോറി എഴുതില്ല എന്നതാണ്.
∙ കലാരംഗത്തും മികവ് പുലർത്തിയ ആളാണല്ലോ. ആ മേഖലയിലേക്ക് ഇറങ്ങുമോ?
ഒരു സംശയവുമില്ല. അതിലേക്കുതന്നെ ഇറങ്ങണം. അതു പക്ഷേ, ഏത് രൂപത്തിലാണ്, എപ്പോഴാണ് എന്നൊന്നും പറയാറായിട്ടില്ല.