സിനിമാ നയ രൂപീകരണത്തിന്റെ പേരിൽ തർക്കം; ഇടതു ബുദ്ധിജീവികൾക്കിടയിൽ അസ്വാരസ്യം, ചർച്ചകൾക്കായി ജനകീയ വേദികൾ?
Mail This Article
കോട്ടയം ∙ സിനിമാ കോൺക്ലേവിനുള്ള നയരൂപീകരണ സമിതിയെ ചൊല്ലി ഇടതു ബുദ്ധിജീവികൾക്കിടയിൽ അഭിപ്രായവ്യത്യാസം. സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഇടതു സഹയാത്രികനായ ഷാജി എൻ.കരുണിനെ മാറ്റണമെന്ന് ഇടതുപക്ഷ ചലച്ചിത്ര പ്രവർത്തകർ തന്നെ ആവശ്യപ്പെടുന്നതാണു സർക്കാരിനെ വെട്ടിലാക്കുന്നത്. മുകേഷിനെയും ബി.ഉണ്ണികൃഷ്ണനെയും സമിതിയിൽനിന്നു നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു പുതിയ തലവേദന.
ചലച്ചിത്ര അക്കാദമിയാണ് നയം രൂപീകരിക്കേണ്ടത് എന്നിരിക്കെ, കെഎസ്എഫ്ഡിസി ചെയർമാനായ ഷാജി എൻ.കരുൺ എങ്ങനെ നയരൂപീകരണ സമിതി ചെയർമാനാകും എന്നാണ് ഇടതുപക്ഷക്കാരായ ചില ചലച്ചിത്ര പ്രവർത്തകരുടെ ചോദ്യം. ഷാജിയെ നയരൂപീകരണ സമിതിയുടെ തലപ്പത്തുനിന്നു മാറ്റാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വാദമുണ്ട്. ഷാജി എൻ.കരുണിനെയല്ല, ബീന പോളിനെയാണ് അക്കാദമിയുടെ തലപ്പത്തേക്ക് കൊണ്ടുവരേണ്ടതെന്നാണു നടി പാർവതി തിരുവോത്ത് അടക്കമുള്ളവരുടെ ആവശ്യം. കെഎസ്എഫ്ഡിസി ചെയർമാനെ നയരൂപീകരണ സമിതി അധ്യക്ഷനായി നിയമിച്ചതിൽ മുഖ്യമന്ത്രിയെ പ്രതിഷേധമറിയിക്കുമെന്നു സംവിധായകൻ കമൽ മനോരമ ഓൺലൈനിനോട് പറഞ്ഞിരുന്നു. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും നിരൂപകനുമായ വി.കെ. ജോസഫ് അടക്കമുള്ളവർ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അക്കാദമിയുടെ ലക്ഷ്യം
1998ൽ രൂപീകരിച്ച ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങളിൽ പ്രധാനം കാലാകാലങ്ങളിൽ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്. ഇതിന്റെ അർഥം, ചലച്ചിത്രനയം രൂപീകരിക്കാനുള്ള ചുമതല അക്കാദമിയാണ് നിർവഹിക്കേണ്ടത് എന്നാണെന്നാണ് ഷാജി എൻ.കരുണിന്റെ നിയമനത്തെ എതിർക്കുന്നവർ പറയുന്നത്. അക്കാദമിയുടെ മുൻ ചെയർമാൻമാർ, ഫിലിം സൊസൈറ്റി ഫെഡറേഷൻ പ്രതിനിധികൾ, ചലച്ചിത്ര നിരൂപകർ, ചലച്ചിത്ര വ്യവസായത്തിലെ പ്രതിനിധികൾ തുടങ്ങിയവർ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് ചലച്ചിത്ര നയം രൂപീകരിക്കേണ്ടതെന്നും ഇവർ പറയുന്നു. ഇതു മുൻനിർത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നാണ് ആവശ്യം.
പ്രമേയവുമായി പുരോഗമന കലാസാഹിത്യസംഘം
ഷാജി എൻ. കരുൺ നേതൃത്വം വഹിക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ കഴിഞ്ഞ ദിവസം സിനിമാ നയം ജനകീയ ചർച്ചയിലൂടെ രൂപീകരിക്കണമെന്നു പ്രമേയം പാസാക്കിയിരുന്നു. സിനിമാ നയം ചർച്ച ചെയ്യാൻ പൊതുവേദിയിൽ തുറന്ന ചർച്ചകൾ നടത്തണമെന്നാണ് ആവശ്യം. പ്രമേയം പാസാക്കിയ പുകസയുടെ തലപ്പത്ത് ഷാജി എൻ.കരുൺ ആയതിനാൽത്തന്നെ ചർച്ചയ്ക്ക് ജനകീയ വേദികൾ രൂപം കൊണ്ടേക്കുമെന്നാണ് വിവരം. എന്നാൽ മുകേഷിനെ നയരൂപീകരണ സമിതിയിൽനിന്നു മാറ്റാത്തത് പ്രമേയത്തിൽ ഉൾപ്പെടുത്താതിൽ ഇടതു ബുദ്ധിജീവികൾക്കിടയിൽത്തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, വ്യാവസായികമായി പ്രവർത്തിക്കുന്നവർ, നിരൂപകർ, ഫിലിം സൊസൈറ്റികൾ, പ്രേക്ഷകർ എന്നിങ്ങനെ എല്ലാ തട്ടിലുമുള്ളവരെ ജനകീയമായി അഭിമുഖീകരിച്ച് വേണം സിനിമാനയം രൂപപ്പെടുത്താൻ എന്നാണ് പുകസ ആവശ്യപ്പെടുന്നത്. ഇവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നു പറയുന്നില്ല.
പ്രമേയത്തിലെ മറ്റ് നിർദേശങ്ങൾ
∙ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി സിനിമയ്ക്കായുള്ള കേരള സർക്കാർ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം
∙ വനിതകൾക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുമുള്ള സിനിമകൾ നിർമിക്കുന്നതിനു സഹായങ്ങൾ തുടരണം. വിദ്യാഭ്യാസ മേഖലയിൽ സിനിമാപഠനം കൂടുതൽ അർഥവത്താക്കി വ്യാപിപ്പിക്കണം.
∙ തൊഴിൽ സുരക്ഷയും ലിംഗനീതിയും സമത്വബോധവും ഉറപ്പുവരുത്തുന്ന നിബന്ധനകൾ നിയമപരമായി ഏർപ്പെടുത്തണം.
∙സിനിമയ്ക്ക് വ്യവസായമുഖം കൂടിയുണ്ട്. കമ്പനി ആക്ടിന്‍റെ പരിധിയിലും തൊഴില്‍നിയമത്തിലും ആണ് ചലച്ചിത്ര മേഖലയും പ്രവര്‍ത്തിക്കേണ്ടത്. നയരൂപീകരണത്തില്‍ ഇക്കാര്യവും പ്രധാനവിഷയം ആകേണ്ടതാണ്.
∙ ഫിലിം ആർക്കൈവ് സ്ഥാപിക്കണം, ചെറിയ മേളകൾ വ്യാപിപ്പിക്കണം
∙ കെഎസ്‌എഫ്ഡിസിയുടെ ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് കൂടുതൽ പ്രയോജനപ്രദമാക്കണം. നല്ല സിനിമകൾക്ക് സർക്കാർ തിയറ്ററുകളിൽ പ്രദർശനസൗകര്യം ഒരുക്കണം.