തിരുവനന്തപുരം ∙ മാധ്യമങ്ങളോട് സുരേഷ്ഗോപി ‘കലിപ്പിലാണോ’? ‘ഉന്നയിക്കുന്ന ചോദ്യത്തിന് ന്യായമില്ലെങ്കിൽ ഇനിയും കലിപ്പിലായിരിക്കു’മെന്ന് സുരേഷ്ഗോപിയുടെ മറുപടി. എംപിയെന്ന തോന്നൽ മാറി പഴയ ആക്‌ഷൻ ഹീറോ ആകുന്നുണ്ടോ? ഒരിക്കലുമില്ല, പച്ച മനുഷ്യനാണെന്ന് സുരേഷ്ഗോപി പറയുന്നു. മനോരമ ന്യൂസ് കോൺക്ലേവിലാണ് സുരേഷ് ഗോപി മനസ്സു തുറന്നത്. തൃശൂരിൽ ജയിക്കുകയാണെങ്കിൽ താമര ചിഹ്നത്തിലാകണമെന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നതായി സുരേഷ് ഗോപി പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കും. ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ ആലോചനാ ഘട്ടത്തിലാണെന്നും കേന്ദ്ര പെട്രോളിയം–ടൂറിസം സഹമന്ത്രിയായ അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.
∙ ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയാണ് ഓർമ വരുന്നത്. സുരേഷ് ഗോപി മാധ്യമങ്ങളോട് കലിപ്പിലാണോ?
ന്യായമില്ലാത്ത ശബ്ദവുമായി ആരും വന്നാലും ഇനിയും കലിപ്പിലായിരിക്കും. ഉന്നയിക്കുന്ന ആരോപണത്തിനു ന്യായം ഉണ്ടാകണം. ചോദിക്കുന്ന ചോദ്യത്തിനും ന്യായമുണ്ടാകണം. അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണം. ന്യായം വിട്ട് ഒന്നും ചെയ്യില്ല.
∙ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ എംപി എന്നത് മാറി പഴയ ആക്‌ഷൻ ഹീറോ ആകുന്നുണ്ടോ?
ഒരിക്കലുമില്ല. അച്ഛനും അമ്മയും എങ്ങനെ വളർത്തിയെടുത്തോ, ഞാൻ അങ്ങനെയുള്ള മനുഷ്യനാണ്. മനുഷ്യനാകണം എന്നതാണ് വലിയ തത്വം. ഞാൻ പച്ച മനുഷ്യനാണ്.
അങ്ങനെയല്ലെന്നു പറഞ്ഞില്ലല്ലോ. മാധ്യമങ്ങളുടെ മുന്നിൽ കടന്നുകയറ്റത്തിനു ഞാൻ വന്നിട്ടില്ല. ചില മര്യാദകൾ പാലിക്കണം. നിങ്ങളുടെ ലൈൻ ഞാൻ ക്രോസ് ചെയ്തില്ല. എന്റെ ലൈനും ക്രോസ് ചെയ്യരുത്. എനിക്ക് എന്റെ അവകാശങ്ങളുണ്ട്. എന്റെ അവകാശം ധ്വംസിക്കരുത്. നിങ്ങൾ അവകാശങ്ങൾ നേടിക്കൊടുക്കാൻ പൊരുതുന്നവരല്ലേ? എന്റെ അവകാശം ധ്വംസിക്കാൻ വരുന്നതെന്തിനാണ്? ഞാനുമൊരു വ്യക്തിയാണ്.
∙ ജനപ്രതിനിധിയാണ്. ജനങ്ങളോടുള്ള കടമ മറക്കുകയാണോ?
ജനങ്ങൾക്കു മുന്നിൽ കണക്ക് പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ജനങ്ങളിൽനിന്ന് നിങ്ങൾ എന്നെ വേറിട്ടു കണ്ടാൽ നിങ്ങൾ മാധ്യമങ്ങളെയും അവരിൽനിന്ന് വേറിട്ട് കാണേണ്ടിവരും.
∙ മാധ്യമപ്രവർത്തകരെ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ലേ?
ഒരിക്കലുമില്ല.
∙ മാധ്യമ സ്വതന്ത്ര്യമില്ലേ?
മാധ്യമ സ്വാതന്ത്ര്യമെന്നൊന്നും പറയരുത്. ദുഃസ്വാതന്ത്ര്യം എന്നു ഞാൻ പറയും. ഞാൻ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. തമിഴിൽ ഇതിനെ ചക്കിളത്തിപോരാട്ടമെന്നാണ് പറയുന്നത്. ഇവിടെ ചോദ്യം ചോദിച്ചിട്ട്, എവിടെയാണോ കുത്തിതിരിപ്പുണ്ടാക്കാൻ കഴിയുക അവിടെപ്പോയി വിളമ്പുക.. തിരിച്ചുവന്നു വീണ്ടും ഇവിടെ ചോദിക്കും. നിങ്ങൾ എത്ര പേരോട് ഇങ്ങനെ ചോദിക്കുന്നു.
∙ എല്ലാ പക്ഷവും കേൾക്കേണ്ടതല്ലേ?
എനിക്കു ജയം ലഭിച്ചതിൽ രാഷ്ട്രീയക്കാർക്ക് അങ്കലാപ്പുണ്ടാക്കാം. മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകരുത്.
∙ ജനങ്ങൾ അറിയേണ്ട കാര്യങ്ങളല്ലേ മാധ്യമങ്ങൾ ചോദിക്കുന്നത്?
അല്ല. ആവശ്യമുള്ള കാര്യങ്ങള്‍ പൊലീസും കോടതിയും ചോദിക്കും. പത്രക്കാർക്ക് അത്തരം ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല. ജനത്തെ മാനിക്കും. ജനത്തെ വഴി തെറ്റിക്കുന്ന രീതിയിൽ മാധ്യമങ്ങൾ പോയാൽ അതിനെ അനുകൂലിക്കാൻ കഴിയില്ല.
∙ അമ്മ സംഘടനയിൽ വീണ്ടും സജീവമായല്ലോ?
സിനിമയിലെ എന്റെ പക്ഷം ഞാൻ 2017 മുതൽ പറയുന്നുണ്ട്. അംഗമെന്ന നിലയിലല്ല, മനുഷ്യനെന്ന നിലയിൽ പറഞ്ഞിട്ടുണ്ട്. എന്റെ നയം മാറിയിട്ടില്ല. എന്റെ രാഷ്ട്രീയം അതിന് തടസ്സമായിട്ടില്ല. മേക്കപ്പിടുന്നവരെ കുറിച്ച് പറയുമ്പോൾ, പിന്തുണയ്ക്കുമ്പോൾ രാഷ്ട്രീയം നോക്കിയിട്ടില്ല. സൈലന്റ് വാലി പ്രക്ഷോഭത്തിൽ ‘പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്നു പറഞ്ഞ് ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. നാഷനൽ പാർക്കായി പ്രഖ്യാപിക്കാനായിരുന്നു കത്ത്. പിന്നീട് നാഷനൽ പാർക്കായി പ്രഖ്യാപിച്ചു. എന്റെ സുഹൃത്തുക്കളാണ് കോളജിൽ സൈലന്റ് വാലി പ്രക്ഷോഭം നയിച്ചത്.
∙ കാരുണ്യ പ്രവർത്തനം വിജയത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
കാരുണ്യ പ്രവർത്തനത്തെ തിരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെടുത്തരുത്. മുൻപേ ഞാൻ അത് തുടങ്ങിയതാണ്. പൈസ വന്നു തുടങ്ങിയപ്പോൾ കൂടുതൽ സഹായം ചെയ്തു. അതൊന്നും ആരോടും പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ വോട്ടു തരരുതെന്നാണ് പറഞ്ഞിട്ടുള്ളത്.
∙ താമര ചിഹ്നത്തിൽ തൃശൂരിൽ മത്സരിച്ച് ജയിക്കുമെന്ന് എങ്ങനെ വിശ്വാസമുണ്ടായി?
ജയിക്കുന്നെങ്കിൽ താമരയിൽ ജയിക്കണം എന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. ആദ്യം അപ്രതീക്ഷിതമായാണ് തൃശൂരിൽ മത്സരിച്ചത്. പെട്ടെന്നു വന്ന സ്ഥാനാർഥി. ആകെ കിട്ടിയത് നാലോ അഞ്ചോ ദിവസം. ചില കുറവുകൾ പ്രചാരണത്തിലുണ്ടായി. പക്ഷേ വോട്ടുകൾ വർധിച്ചു. അതു വലിയ ഇന്ധനമായി. 2019 മുതൽ സിനിമയും ചെയ്യുന്നുണ്ട്. ഇപ്പോഴും രാഷ്ട്രീയക്കാരനേയല്ല ഞാൻ.
∙ സിനിമയും മന്ത്രിപദവിയും എങ്ങനെ കൊണ്ടുപോകും?
സിനിമയിൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യം എന്റെ നേതാക്കൾ തീരുമാനിക്കും. അതിനുള്ള വഴി എന്റെ നേതാക്കൾ പറയും. അക്കാര്യമെല്ലാം അവർ തീരുമാനിക്കും. ആവശ്യമുള്ള സിനിമകളേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനനുസരിച്ച് ഷെഡ്യൂൾ പ്ലാൻ ചെയ്യും. അങ്ങനെ കഴിയുമെന്ന് കരുതുന്നു. അവസാന ശ്വാസംവരെ അഴിമതിക്കാരനാകരുത്. സിനിമ വരുമാന മാർഗമാണ്. എനിക്കും മക്കളുണ്ട്.
∙ ടൂറിസം മേഖലയിൽ എന്തൊക്കെ പദ്ധതികളാണ് മനസ്സിൽ?
ടൂറിസം മേഖലയുടെ പ്രതാപം വീണ്ടെടുക്കണം. പുതിയ മോഡലുകൾ വികസിപ്പിക്കുന്നു. കേരളത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തണം.
∙ പെട്രോളിയം മന്ത്രാലയത്തിന്റെ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ തുടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു?
കഴിവനുസരിച്ചാണ് കേന്ദ്രത്തിൽ മന്ത്രിമാരെ നിയമിച്ചത്. എന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചായിരിക്കും എന്നെ പെട്രോളിയം മന്ത്രാലയത്തിൽ നിയമിച്ചത്. കേരളത്തിന്റെ ടൂറിസം സാധ്യതകളും കേന്ദ്രം കണക്കിലെടുത്തു. പെട്രോള്‍ സ്റ്റേഷനുകളെ ടൂറിസം രംഗത്ത് ഉപയോഗിക്കാൻ കഴിയും. സംസ്ഥാനത്തിന്റെ സഹകരണത്തോടെ അത് നടപ്പിലാക്കാനാണ് പദ്ധതി.
∙ തൃശൂരിലെ ജയം താൽക്കാലിക പ്രതിഭാസമാണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമർശനം?
അത് അവരുടെ അവകാശം. പക്ഷേ, ജനങ്ങളെ വില കുറച്ചു കാണരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.