ADVERTISEMENT

തിരുവനന്തപുരം ∙ ലൈംഗിക പീ‍ഡനക്കേസിൽ പ്രതിയായ നടൻ എം.മുകേഷ് എംഎൽഎയെ ചേർത്തുപിടിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സിപിഎമ്മിലും പുറത്തും ശക്തമായിരിക്കെയാണു പൊതുവികാരം മറികടന്നു പാർട്ടി മുകേഷിനു രക്ഷാകവചമൊരുക്കിയത്.

പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിനായി പ്രതിരോധം തീർക്കാൻ ഒടുവിൽ സിപിഎം തീരുമാനിച്ചു. പതിവില്ലാത്ത രാജി കീഴ്‍വഴക്കം സൃഷ്ടിക്കേണ്ടെന്നാണു ധാരണ.

മുകേഷിന്റെ രാജിയാണ് ഉചിതമെന്നു സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചിരുന്നു. സമാന ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിനെ സംരക്ഷിക്കേണ്ടെന്നാണു വൃന്ദ കാരാട്ട് സൂചിപ്പിച്ചത്. മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തേ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ആനി രാജ ഉറച്ച നിലപാടെടുത്തിരുന്നു. എംഎൽഎ അല്ല മന്ത്രിയായാലും തെറ്റുകാരൻ ആണെങ്കിലും ശിക്ഷിക്കപ്പെടണമെന്നു സിപിഐ മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ മുകേഷിനു നൽകുന്ന നിശ്ശബ്ദ പിന്തുണയ്ക്കെതിരെ കൂടിയാണു വനിതാ നേതാക്കൾ ശബ്ദമുയർത്തിയെങ്കിലും കൈവിടേണ്ടെന്നാണു പാർട്ടി നിലപാട്.

English Summary:

CPM Supports Mukesh, MLA Amid Sexual Harassment Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com