ADVERTISEMENT

കണ്ണൂരിലെ രാഷ്ട്രീയക്കളരിയിൽ പയറ്റിത്തെളിഞ്ഞിട്ടും കാലിടറിയാണ് ഇ.പി.ജയരാജന്റെ മടക്കം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതോടെ മുന്നണിയുടെയും സിപിഎമ്മിന്റെയും തലപ്പൊക്കമുള്ള നേതാവിന്റെ രാഷ്ട്രീയഭാവിക്കും മങ്ങലേറ്റു. കരുത്തൻ എന്നതിനൊപ്പം നിഷ്കളങ്കനും പരിഭവക്കാരനുമായ നേതാവ് എന്നുകൂടി ഇ.പി.ജയരാജനു വിശേഷണമുണ്ട്. ‘നിഷ്കളങ്കം’ എന്നു പാർട്ടി സെക്രട്ടറി പറഞ്ഞെങ്കിലും ഇ.പിയുടെ നിഷ്കളങ്കത ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊള്ളലായെന്ന തിരിച്ചറിവിലാണു കടുത്ത നടപടി. പലപ്പോഴും പിണങ്ങി മാറിനിൽക്കുമ്പോൾ അനുനയിപ്പിക്കുന്ന പതിവ് വേണ്ടെന്നും പാർട്ടി തീരുമാനിച്ചു. ഏറെക്കാലമായി പാർട്ടിക്കുള്ളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ഇ.പിക്ക് വരുംനാളുകൾ നിർണായകമാണ്.

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ നീക്കാൻ ധാരണയായത്. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്രനേതൃത്വമാകും പ്രഖ്യാപിക്കുകയെന്ന ഔദ്യോഗിക നടപടിക്രമം മാത്രമാണ് ബാക്കി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഈ കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലച്ചിരുന്നു. ഇതിനെ തുടർന്നുള്ള വിവാദങ്ങളും തിരഞ്ഞെടുപ്പു തോൽവിയുമാണ് കടുത്ത നടപടിക്കു കാരണമായത്.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയർന്നു. തുടര്‍ന്ന് ഇ.പി രാജിസന്നദ്ധത അറിയിച്ചെന്നാണു വിവരം. കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി ഒഴിയുമെന്നായിരുന്നു രാവിലെ വാർത്തകൾ വന്നത്. തലേദിവസം തീരുമാനമായ വിഷയമായിട്ടും ഇതേക്കുറിച്ചു കൂടുതൽ പ്രതികരിക്കാൻ ഇ.പി തയാറായില്ല. കണ്ണൂരിൽ നേരത്തേ പ്രഖ്യാപിച്ച പാർട്ടി പരിപാടികളോ പൊതുപരിപാടികളോ ഇല്ലാതിരുന്നിട്ടും, സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്കു മടങ്ങി. തനിക്കെതിരായ നടപടിയും ചർച്ചയും തന്റെ സാന്നിധ്യത്തിൽ വേണ്ടെന്നുകൂടി കരുതിയാണ് ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തിയത്.

∙ കുടം തുറന്നത് ശോഭ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു പോകുന്നതിനു മണിക്കൂറുകൾ മാത്രമുള്ളപ്പോഴായിരുന്നു സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ഇ.പിയുടെ ബിജെപി പ്രവേശന വിവാദമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനോളം തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടന്നെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. ഇ.പി.ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്നും ശോഭ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ സ്ഥാനാർഥിയായ ശോഭ വെളിപ്പെടുത്തൽ ആവർത്തിച്ചു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഫ്രോഡ് എന്നു വിളിച്ച ദല്ലാൾ നന്ദകുമാറിനെ ഇ.പി തള്ളിപ്പറയാത്തത് എന്താണെന്നും ചോദിച്ചു.

ഇ.പി.ജയരാജൻ, ശോഭാ സുരേന്ദ്രൻ
ഇ.പി.ജയരാജൻ, ശോഭാ സുരേന്ദ്രൻ

‘‘ഇ.പിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തൃശൂർ രാമനിലയത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും ഉണ്ടായിരുന്നു. ഇ.പി ആവശ്യപ്പെട്ട പ്രകാരമാണ് അവിടെ എത്തിയത്. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് പാർട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ടി.പി.ചന്ദ്രശേഖരന്റെ കാര്യങ്ങളൊക്കെ ഇ.പി ഓർത്തിട്ടുണ്ടാകും’’– അന്നു ശോഭ പറഞ്ഞു. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ജയരാജൻ 90 ശതമാനം ചർച്ചയും പൂർത്തിയാക്കിയെന്നും ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്രയും നാൾ വെളിപ്പെടുത്താതിരുന്നതെന്നും ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയതെന്നും ശോഭ വ്യക്തമാക്കി.

ഇ.പി.ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരൻ നടത്തിയ പ്രസ്താവന വിവാദം ഊതിക്കത്തിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനു ശേഷം പാർട്ടി സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതിൽ ഇ.പി ഖിന്നനായിരുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. താരതമ്യേന തന്നേക്കാൾ ജൂനിയറായ എം.വി.ഗോവിന്ദന്റെ വരവിൽ ഇ.പിക്കുണ്ടായിരുന്ന അസ്വസ്ഥത ചർ‌ച്ചാവിഷയമായി.

ജയരാജനെ ന്യായീകരിച്ചും സുധാകരനെ പ്രതിക്കൂട്ടിലാക്കിയും വിവാദ ദല്ലാൾ ടി.പി.നന്ദകുമാർ രംഗത്തെത്തി. ഇ.പിയെ സമീപിച്ചത് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറാണെന്നും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്ക് ജയരാജൻ വഴങ്ങിയില്ലെന്നുമായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവ്‍ലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ എൽഡിഎഫിനെ സഹായിക്കാമെന്നും ജാവഡേക്കർ വാഗ്ദാനം നൽകിയെന്നും  ജയരാജൻ സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു.

∙ ആരാണ് പാപിയായത്?

കേരളത്തില്‍ വോട്ടിങ് നടന്ന ഏപ്രില്‍ 26ന് രാവിലെയാണ് സിപിഎമ്മിനെ ഞെട്ടിച്ച് ഇ.പി.ജയരാജന്റെ പ്രതികരണമുണ്ടായത്. പ്രകാശ് ജാവഡേക്കറെ താന്‍ കണ്ടിരുന്നെന്നു ജയരാജന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. തിരുവനന്തപുരം ആക്കുളത്തെ മകന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പറഞ്ഞു. അത് പാർട്ടി കേന്ദ്രങ്ങളെ നടുക്കി‌. പാർട്ടി പ്രവർത്തകരുടെ ആത്മവീര്യത്തെ ബാധിക്കുമെന്ന തോന്നൽ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ദിവസം വി.എസ്.അച്യുതാനന്ദൻ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ സന്ദർശിച്ചത് സിപിഎമ്മിന് ഉണ്ടാക്കിയ ആഘാതത്തോടാണു പലരും ഇ.പിയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ ഉപമിച്ചത്. ഇ.പിയുടെ ബിജെപി ബന്ധം സംബന്ധിച്ച ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നു നിരാകരിച്ചെങ്കിലും തിരഞ്ഞെടുപ്പു ഫലം വന്നശേഷം വിശദമായി ചർച്ച ചെയ്യാനായി മാറ്റിവച്ചു. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ.പിക്കെതിരെ നടപടിയുടെ ആവശ്യമില്ലെന്നും അദ്ദേഹം എൽഡിഎഫ് കൺവീനറായി തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി.

പ്രകാശ് ജാവഡേക്കർ @ JOSEKUTTY PANACKAL / MANORAMA
പ്രകാശ് ജാവഡേക്കർ @ JOSEKUTTY PANACKAL / MANORAMA

‘‘യാദൃച്ഛികമായി നടന്ന കൂടിക്കാഴ്ച നിഷ്കളങ്കമാണ്. അതിൽ ദുഷ്ടലാക്കുണ്ടെന്നു കരുതുന്നില്ല. ദല്ലാൾ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണം. ആ ബന്ധം മുൻപേ അവസാനിപ്പിച്ചെന്നാണു ജയരാജനും അറിയിച്ചത്. ബിജെപിയിലേക്കു പോകാൻ ഇ.പി ശ്രമിച്ചെന്നും ഡൽഹിയിൽവച്ചടക്കം കൂടിക്കാഴ്ച നടത്തിയെന്നും ശോഭ പറയുന്നതു ശുദ്ധ അസംബന്ധമാണ്. മറ്റു കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നു ജയരാജനും ജാവഡേക്കറും പറഞ്ഞിട്ടുണ്ട്. പോകുന്ന വഴിക്ക് ഒരാളെ കാണുന്നത് പാർട്ടിക്കകത്ത് റിപ്പോർട്ട് ചെയ്യേണ്ട കാര്യമുണ്ടോ? രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിൽ കാണും. അതോടെ അവസാനിച്ചു പോകുന്ന പ്രത്യയശാസ്ത്ര കരുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വച്ചുകൊണ്ടാണ് മാധ്യമങ്ങളുൾപ്പെടെ ചർച്ച ചെയ്യുന്നത്.’’ എന്നായിരുന്നു ഗോവിന്ദന്റെ വാക്കുകൾ.

∙ ഇതുവഴി മുകേഷ് രക്ഷപ്പെടുമോ?

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ജയരാജൻ മുന്നണി കൺവീനർ സ്ഥാനത്തു തുടരുന്നത് തിരിച്ചടിയാകുമെന്നു പല ഘടകകക്ഷികളും നിലപാടെടുത്തു. മുഖ്യ ഘടകകക്ഷികളായ സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി നേതൃത്വങ്ങൾ പരസ്യമായി നിലപാട് പറഞ്ഞു. പക്ഷേ, നടപടി നീട്ടിക്കൊണ്ടുപോയി. ലൈംഗികാതിക്രമ കേസിൽപ്പെട്ട കൊല്ലം എംഎൽഎ എം.മുകേഷിന്റെ രാജിയെപ്പറ്റി തീരുമാനമുണ്ടാകുമെന്ന കരുതിയ സംസ്ഥാന സമിതി യോഗത്തെ ഇ.പി.ജയരാജനിലേക്കു വഴിതിരിച്ചു വിടാനും ഈ നടപടിയിലൂടെ സിപിഎം ശ്രമിച്ചെന്നു കരുതണം.

മുകേഷ് രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നാണു എൽഡിഎഫ് കൺവീനറായിരിക്കെ ഇ.പി പറഞ്ഞതും. ‘‘സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ കേരള സർക്കാർ ഫലപ്രദമായ നിലപാടുകളാണു സ്വീകരിച്ചത്. ഇപ്പോഴത്തെ വിവാദത്തിൽ മുകേഷ് രാജി വയ്ക്കേണ്ടതില്ല. മുൻപു കേരളത്തിലെ 2 എംഎൽഎമാർക്കെതിരെ ഇതിലും വലിയ പീഡന കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. അവർ ഇതുവരെയും രാജി വച്ചിട്ടില്ല. മറ്റ് 2 എംഎൽഎമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കും’’ എന്നായിരുന്നു ഇ.പിയുടെ വാക്കുകൾ. മുകേഷിനെ സംരക്ഷിക്കാൻ ഇ.പിയെ പക്ഷേ പാർട്ടി കുരുതി കൊടുത്തെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം.

ഇ.പിയുടെ ഭാര്യ പി.കെ.ഇന്ദിരയ്ക്കു പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടും പാർട്ടി പ്രതിക്കൂട്ടിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ബിസിനസ് പങ്കാളിത്തമാണു രാഷ്ട്രീയ വിവാദമായത്. പരസ്പരം കണ്ടിട്ടോ സംസാരിച്ചിട്ടോയില്ലെന്ന് വാദിച്ച ഇരു നേതാക്കളും, ഭാര്യമാർ പങ്കാളികളായ സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് സമ്മതിച്ചു. ‘വൈദേക’ത്തിൽ ചികിത്സ നൽകുന്ന ഏജൻസിയാണ് ‘നിരാമയ’യെന്ന് ജയരാജൻ വ്യക്തമാക്കി. ഭാര്യമാർ തമ്മിലുള്ള ബിസിനസ് ബന്ധം ബിജെപി –സിപിഎം രഹസ്യ ധാരണയാകുമോ എന്നു രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 

ഇൻഡിഗോ വിമാനങ്ങളിലെ യാത്രാവിലക്കും ജയരാജനെ വാർത്താ തലക്കെട്ടുകളിൽ സജീവമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഇൻഡിഗോ വിമാനങ്ങളിൽ രാജ്യത്തിനകത്തോ പുറത്തേക്കോ യാത്ര ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ട്രെയിനിലായിരുന്നു ജയരാജൻ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു യാത്ര ചെയ്തത്. എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് തുടങ്ങിയപ്പോൾ, ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം ജയരാജന് ആശ്വാസമായി. പതിറ്റാണ്ടുകളായി കഴുത്തിൽ‌ വെടിയുണ്ടയുമായി ജീവിക്കുന്ന ഇ.പി, സിപിഎം വിട്ട് ബിജെപിയിൽ ചേരുമോ? രാഷ്ട്രീയ കേരളം ഉദ്വേഗത്തോടെ ഇ.പിയുടെ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്.

English Summary:

Political Shake-Up: Will E.P. Jayarajan Leave CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com