ADVERTISEMENT

പാലക്കാട് ∙ വിവിധ ടെലിവിഷൻ ചാനലുകളുടെ പരിപാടികൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു പണം സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്തു യുവാവിൽനിന്നു 35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാലക്കാട് ചന്ദ്രനഗർ സ്വദേശിയുടെ പരാതിയിൽ ജില്ലാ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചാനലുകളിൽ വരുന്ന പരിപാടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും ഷെയർ ചെയ്തും അവയുടെ റേറ്റിങ് കൂട്ടി പണം സമ്പാദിക്കാമെന്നായിരുന്നു തട്ടിപ്പു സംഘത്തിന്റെ വാഗ്ദാനം. 

ചാനൽ ഷോകളുടെ വിഡിയോ, ലിങ്ക് എന്നിവ സംഘം കൈമാറും. ഇവ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. ഇതിന്റെ സ്ക്രീൻഷോട്ട് അയച്ചു കൊടുക്കണം. തുടക്കത്തിൽ ചെറിയ തുക പലഘട്ടങ്ങളിലായി തട്ടിപ്പുസംഘം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതായി പരാതിക്കാരൻ പറയുന്നു. വിദേശ ചാനലുകളുടെയും വൻകിട കമ്പനികളുടെയും പ്രമോഷൻ വിഡിയോകൾ പ്രചരിപ്പിച്ചു കൂടുതൽ പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച സംഘം ഇതിന്റെ ഏജൻസി എടുക്കാനും സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കുമായി പണം ആവശ്യപ്പെട്ടു. തുടർന്നു പല ഘട്ടങ്ങളിലായി 35 ലക്ഷം രൂപ അയച്ചു കൊടുത്തു. നൽകിയ പണം പോലും തിരിച്ചുകിട്ടാതെ വന്നതോടെയാണു തട്ടിപ്പു വ്യക്തമായത്. ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്തു പണം തട്ടിയ കേസും കഴിഞ്ഞദിവസം റജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണവും തുടരുന്നു.

പരാതി നൽകാം

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 1930 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പരാതി നൽകാം. കേരള പൊലീസിന്റെ ‘പോൽ ആപ്പ്’ മൊബൈൽ ആപ്ലിക്കേഷൻ, തുണ വെബ് പോർട്ടൽ, www.cybercrime.gov.in എന്ന വെബ്സൈറ്റ് എന്നിവ വഴിയും പരാതി നൽകാം. തട്ടിപ്പു നടന്ന ആദ്യ മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ കൂടുതൽ തുക നഷ്ടമാകാതെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കഴിയും.

English Summary:

Channel Rating Scam Claims Young Man's Savings in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com