ബീഫ് കഴിച്ചതിന് മർദനം; രാജ്യത്ത് മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ ആക്രമണമുണ്ടാകുന്നു: രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ ബീഫ് കഴിച്ചുവെന്ന സംശയത്തിന്റെ പേരിൽ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന രണ്ട് അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന് കീഴിൽ ഭയത്തിന്റെയും നിയമരാഹിത്യത്തിന്റെയും വർദ്ധിച്ചുവരുന്ന അന്തരീക്ഷമാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി ആശങ്ക പങ്കുവെച്ചു.
ബീഫ് കഴിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ വ്യാപാരിയായ 72 വയസുകാരൻ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. മറ്റൊരു സംഭവത്തിൽ ഹരിയാനയിലെ ചാർഖി ദാദ്രിയിൽ സാബിർ മാലിക് എന്ന കുടിയേറ്റ തൊഴിലാളിയെ പശു സംരക്ഷക സംഘത്തിലെ അംഗങ്ങൾ അടിച്ചുകൊന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പ്രതികരണം.
‘‘ബിജെപി സർക്കാരിൽ നിന്ന് ചിലർക്ക് ഇത്തരത്തിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അവർക്ക് ഇത് ചെയ്യാൻ ധൈര്യം ലഭിച്ചത്. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമ്പോൾ, സർക്കാർ സംവിധാനങ്ങൾ നിശബ്ദരായി നോക്കിനിൽക്കുകയാണ്.’’ രാഹുൽ ആരോപിച്ചു. വിദ്വേഷത്തെ രാഷ്ട്രീയ ആയുധമാക്കി അധികാരത്തിന്റെ പടവുകൾ കയറിയവർ രാജ്യത്തുടനീളം ഭയത്തിന്റെ അന്തരീക്ഷം സ്ഥാപിക്കുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.