കുപ്രസിദ്ധ ‘ചാരത്തിമിംഗലം’ വാൽദിമിർ നോർവേ തീരത്ത് ചത്തനിലയിൽ
Mail This Article
ഓസ്‌ലോ∙ ചാരത്തിമിംഗലമെന്ന പേരിൽ അറിയപ്പെട്ടിരുന്ന വാൽദിമിർ തിമിംഗലത്തെ നോർവെയുടെ തീരത്തു ചത്തനിലയിൽ കണ്ടെത്തി. 14 അടി നീളമുള്ള 2700 പൗണ്ട് തൂക്കംവരുന്ന വാൽദിമിറിനെ സ്റ്റെവാംഗറിനു സമീപം റിസാവിക ഉൾക്കടലിൽ മീൻപിടിക്കാൻ പോയ അച്ഛനും മകനുമാണു കണ്ടെത്തിയത്. 2019ൽ ഈ തിമിംഗലത്തെ കണ്ടെത്തുമ്പോള്‍ അതിന്റെ മേലുണ്ടായിരുന്ന പടച്ചട്ടപോലുള്ള ബെൽറ്റിൽ ‘എക്യുപ്മെന്റ് ഫ്രം സെന്റ് പീറ്റേഴ്സ്ബർഗ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. അന്നുമുതലാണ് ഈ തിമിംഗലം റഷ്യയുടെ ചാരൻ എന്നപേരിൽ ‘കുപ്രസിദ്ധി’യാർജിച്ചത്.
എന്നാൽ റഷ്യയിത് തള്ളിക്കളയുകയുകയാണു ചെയ്തത്. മറ്റാരും തിമിംഗലത്തിന്റെ അവകാശവാദം ഉന്നയിച്ചു രംഗത്തു വരാതിരുന്നതോടെ ദുരൂഹത വർധിക്കുകയും ചെയ്തു. തണുത്തുറഞ്ഞ ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്നതരം ബെലൂഗ വിഭാഗത്തിൽപ്പെടുന്ന തിമിംഗലമായിട്ടുകൂടി അവയിൽനിന്നു വിഭിന്നമായി മനുഷ്യരുടെ സാന്നിധ്യം വാൽദിമിറിനെ ഭയപ്പെടുത്തിയിരുന്നില്ല. മനുഷ്യരുടെ സാന്നിധ്യമുള്ളയിടങ്ങളിൽ കഴിയുന്നതിന് വാൽദിമിറിനു പ്രശ്നങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യരുമായി അടുത്തിടപഴകുന്ന തരത്തിൽ കൂട്ടിൽ കഴിഞ്ഞിട്ടുണ്ടാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.