എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റും, പകരം 2 പേർ പരിഗണനയിൽ; സസ്‌പെന്‍ഷന്‍ ഒഴിവാക്കാൻ നീക്കം
Mail This Article
തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്.
അജിത്കുമാറിന് ക്രമസമാധാനത്തിനു പുറമേ ബറ്റാലിയന്റെ ചുമതലയാണുള്ളത്. ഇതോടെ അദ്ദേഹത്തെ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിര്‍ത്തിയേക്കും. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കുമെന്നാണു സൂചന. ജയില്‍ ഡിജിപിയാക്കി പൊലീസിനു പുറത്തേക്കു മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്.
അജിത്കുമാറിനെതിരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാവും അന്വേഷിക്കുക എന്ന കാര്യത്തിലും ചര്‍ച്ച പുരോഗമിക്കുകയാണ്. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ഫയര്‍ ഫോഴ്‌സ് മേധാവി കെ.പത്മകുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, എഡിജിപി എം.ആർ.അജിത്‌കുമാറിനെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയ അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപി എസ്.ദർവേഷ് സാഹിബുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.