ADVERTISEMENT

കോട്ടയം∙ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നൽകിയെന്നു എഡിജിപി എം.ആർ. അജിത്കുമാർ. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവർ അന്വേഷിക്കട്ടെയെന്ന് എഡിജിപി പറഞ്ഞു. പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ആരോപണങ്ങളിൽ പ്രതികരിക്കാൻ എ‍‍‍ഡിജിപി തയാറായില്ല. പൊലീസ് അസോസിയേഷന്റെ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, എഡിജിപിയെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയ അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

പൊലീസിലെ പുഴുക്കുത്തുകളെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നടപടി ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസില്‍ വലിയ മാറ്റങ്ങള്‍ അടുത്തകാലത്ത് ഉണ്ടായി. എങ്കിലും ഇതില്‍ നിന്ന് മുഖംതിരിച്ചു നില്‍ക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല. പൊലീസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കലാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയിൽ ഡിജിപി എസ്.ദർവേഷ് സാഹിബും എഡിജിപി എം.ആർ.അജിത്കുമാറും പങ്കെടുത്തിരുന്നു. പൊലീസ് സേനയിൽ വരുത്തിയ മാറ്റങ്ങൾ എഡിജിപി പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു.  മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്ത്തുകയും ചെയ്തു. ചെയ്ത നല്ല കാര്യങ്ങൾ പുറത്ത് വരാറില്ലെന്ന് എം.ആർ.അജിത്കുമാർ പറഞ്ഞു. സേനയിൽ കൂടുതൽ ആളുകൾ വന്നത് ഈ സർക്കാരിന്റെ കാലത്താണ്. പുതിയ നിയമനങ്ങൾ നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വലിയ മനസ്സാണെന്നും അജിത് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനത്തിന് ശേഷമായിരുന്നു എഡിജിപിയുടെ പ്രസംഗം.

English Summary:

MR Ajith Kumar ips respond to controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com