‘അജിത്കുമാർ കൊട്ടാരം പണിയുന്നു: 12,000 ചതുരശ്ര അടിയുള്ള ആഡംബര വീട്; സോളർ കേസ് അട്ടിമറിച്ചു’: അൻവർ
Mail This Article
മലപ്പുറം ∙ എഡിജിപി എം.ആർ.അജിത്കുമാറിനും പൊലീസിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. അജിത് കുമാർ ‘കൊട്ടാരം’ പണിയുന്നു എന്നാണ് ആരോപണം. കവടിയാർ കൊട്ടാരത്തിനടുത്ത് അജിത്കുമാർ ഇതിനായി സ്ഥലം വാങ്ങിയെന്നും ആഡംബര വീടാണു നിർമിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.
‘‘കവടിയാറിൽ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാർ നിർമിക്കുന്നത്. കവടിയാർ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങി. സോളർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത്കുമാറിനു പങ്കുണ്ട്. എടവണ്ണ റിദാൻ കൊലപാതക കേസിൽ നിരപരാധിയെ കുടുക്കി.’’– അൻവർ ആരോപിച്ചു. സോളർ കേസ് അജിത്കുമാർ അട്ടിമറിച്ചെന്നു പറയുന്ന ശബ്ദരേഖയും അൻവർ പുറത്തുവിട്ടു.
അൻവറിന്റെ വാർത്താസമ്മേളത്തിൽനിന്ന്
∙ മലപ്പുറം എടവണ്ണയിൽ റിദാന്‍ ബാസില്‍ (27) വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ മുഹമ്മദ് ഷാനിനെ (30) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ദുരൂഹതയുണ്ട്. റിദാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ കണ്ടു. പ്രതിയെന്നു പൊലീസ് പറയുന്ന ഷാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നാണു റിദാന്റെ കുടുംബം പറയുന്നത്.
∙ റിദാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാൻ. അത്രയും സ്നേഹത്തിലാണ്. അങ്ങനെയൊരു കുറ്റം ഷാൻ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെട്ടപ്പോഴും പറഞ്ഞത്. പിന്നെയെങ്ങനെ ഷാൻ പ്രതിയായി?
∙ കൊലപാതകം നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ പൊലീസ് റിദാന്റെ കുടുംബത്തോടും മറ്റും മോശമായാണു പെരുമാറിയത്. ഷാനുമായി റിദാന്റെ ഭാര്യയ്ക്കു അവിഹിതബന്ധമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. അവിഹിതബന്ധത്തിന്റെ പേരിൽ, ഷാനിനൊപ്പം യുവതിയെ താമസിപ്പിക്കാനാണു റിദാനെ വെടിവച്ചു കൊന്നതെന്നു പറയിപ്പിക്കാനായിരുന്നു ശ്രമം.
∙ യുവതിയെ പൊലീസ് ഭീകരമായി മർദിച്ചു. ഇക്കാര്യം സമ്മതിച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തി. തെറ്റായ കാര്യമായതിനാൽ ഇക്കാര്യം സമ്മതിക്കാനാകില്ലെന്നും ജയിലിൽ പോകാമെന്നും യുവതി പറഞ്ഞു.
∙ പൊലീസിന്റെ നിർദേശം അനുസരിക്കാത്തതിനാൽ വേറൊരു വൈരാഗ്യക്കഥ ഉദ്യോഗസ്ഥർ തയാറാക്കി. എല്ലാം കുക്ക്‌ഡ് അപ് സ്റ്റോറിയാണ്.
∙ ഷാനിനു പൊലീസ് കസ്റ്റഡിയിൽ മൂന്നര ദിവസം ക്രൂരമർദനമേറ്റു. പിന്നീടാണ് അറസ്റ്റ് ചെയ്തത്. റിദാനുമായുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു ആരോപിച്ചാണു കുറ്റപത്രം തയാറാക്കിയത്. ഇങ്ങനെ മർദിച്ചു പറയിപ്പിക്കുകയായിരുന്നു.
∙ റിദാനു കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരമുണ്ടായിരുന്നു. റിദാന്റെ ഫോൺ വേറെ കേസിൽപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ചു. റിദാന്റെ ഫോൺ പൊലീസ് കണ്ടെത്തിയില്ല. ഫോൺ ചാലിയാറിൽ എറിഞ്ഞുവെന്ന് സമ്മതിക്കണമെന്നു ഷാനെ നിർബന്ധിച്ചു.
∙ സോളർ കേസ് അട്ടിമറിച്ചത് അജിത് കുമാറാണ്. അജിത് കുമാറിനു സരിതയുമായി സൗഹൃദമുണ്ടായിരുന്നു. സിബിഐക്കു തെറ്റായി മൊഴി കൊടുപ്പിച്ചു.
∙ ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിൽ അജിത്കുമാർ കണ്ണിയാണ്. സ്വർണക്കടത്ത് വിവരങ്ങൾ അജിത് കുമാറിന്റെ സംഘം എസ്പി സുജിത് ദാസിന് കൈമാറുകയാണ് പതിവ്
∙ ഒന്നാം ഘട്ട വെളിപ്പെടുത്തൽ തൽക്കാലം നിർത്തുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് പരാതിയും തെളിവും നേരിട്ടു നൽകും.