ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നതെന്നും സിപിഎമ്മിനെ ദുർബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നുമുള്ള വാദമുയര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പല ഘട്ടങ്ങളിലും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ നേരിട്ടിരുന്നത്. എന്നാല്‍ ഇക്കുറി മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഏറെ പ്രിയപ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ തന്നെ നേരിട്ട് ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങള്‍ കറങ്ങിത്തിരിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തുമ്പോള്‍ ഏതു തരത്തില്‍ പ്രതിരോധിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം.

പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരായ ആരോപണങ്ങള്‍ ഫലത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേടായാണ് പൊതുസമൂഹം വിലയിരുത്തുന്നത്. കര്‍ക്കശക്കാരനായ മുഖ്യമന്ത്രി സ്വന്തം വകുപ്പില്‍ തന്റെ വിശ്വസ്തര്‍ നടത്തുന്ന കാര്യങ്ങള്‍ പോലും അറിയുന്നില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറെ വിശ്വസ്തനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, ഇരുവര്‍ക്കും ഏറെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ കൊലപാതകം, സ്വര്‍ണക്കടത്ത് തുടങ്ങി അതീവഗുരുതരമായ ആരോപണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്.

അന്‍വറിനെ പിണക്കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം.ശിവശങ്കര്‍ ജയിലഴിക്കുള്ളിലായിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് വിശ്വസ്തര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ഇടതുമുന്നണിയിലെ പല ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. നടപടികള്‍ ഉദ്യോഗസ്ഥരില്‍ ഒതുക്കാതെ പി.ശശിയെ നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എം.വി.ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് പൊലീസില്‍ ഉള്‍പ്പെടെ ഏറെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നതെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം, പത്തനംതിട്ട എസ്പിമാര്‍ക്കെതിരെ അന്‍വര്‍ ആരംഭിച്ച നീക്കമാണ് അപ്രതീക്ഷിതമായി പൊലീസ് തലപ്പത്തേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നീണ്ടിരിക്കുന്നത്. പി.ശശി പരാജയമാണെന്ന ആരോപണത്തിലൂടെ, മുഖ്യമന്ത്രി സ്വന്തം ഓഫിസില്‍ നിയമിച്ചയാളുടെ വിശ്വാസ്യതയാണു ചോദ്യംചെയ്യപ്പെടുന്നത്. മന്ത്രിമാരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക സംഘമുണ്ടെന്ന ആരോപണത്തിന് ഘടകകക്ഷികളോടും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. മന്ത്രിമാരുടെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണം ശരിയാണെങ്കില്‍ അതു ഉന്നത രാഷ്ട്രീയ നേതൃതത്തിന്റെ അറിവോടെ അല്ലാതെ ആകാന്‍ വഴിയില്ല. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്നും അവ വൈകാതെ പുറത്തുവിടുമെന്നുമുള്ള അന്‍വറിന്റെ മുന്നറിയിപ്പും സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.

ലക്ഷ്യം പി.ശശി?

സിപിഎം സമ്മേളനകാലത്തിലേക്കു കടക്കുമ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ കരുത്തനാകുന്ന പി.ശശിയെ ലക്ഷ്യമിട്ടാണെന്നും സൂചനയുണ്ട്. സമ്മേളനങ്ങള്‍ അവസാനിക്കുന്നതോടെ പി.ശശി പാര്‍ട്ടിയുടെ നിര്‍ണായക ചുമതലകളിലേക്ക് എത്തുന്നതിനു തടയിടുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ തന്നെയാണ് അന്‍വറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒരു ചുവടുപോലും വയ്ക്കാന്‍ പി.ശശി മുതിരില്ലെന്നും ആ സാഹചര്യത്തില്‍ ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

നാല്‍പതാം വയസില്‍ മുഖ്യമന്ത്രി ഇ.കെ.നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളില്‍ എത്തി 2011ല്‍ സദാചാരവിരുദ്ധ ആരോപണങ്ങളില്‍ പാര്‍ട്ടിക്കു പുറത്തുപോയി ഏഴുവര്‍ഷത്തെ വനവാസത്തിനു ശേഷം തിരിച്ചെത്തിയ ചരിത്രമാണ് പി.ശശിക്കുള്ളത്. 2018ല്‍ തിരിച്ചെത്തി നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന കമ്മിറ്റി അംഗമായും വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും വളരാന്‍ ശശിക്കുള്ള ശേഷിയെ രാഷ്ട്രീയ എതിരാളികളേക്കാള്‍ പാര്‍ട്ടിക്കുള്ളിലുള്ളവരാണ് ഭയത്തോടെ കാണുന്നത്. രണ്ടു വര്‍ഷം മുന്‍പ് ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തെ സംസ്ഥാന സമിതി യോഗത്തില്‍ പി.ജയരാജന്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശശിയേക്കാള്‍ ഏറെ സീനിയറായ പി.ജയരാജന്‍ പക്ഷെ ശശി 2011ല്‍ പുറത്തായതിനു ശേഷമാണ് ആദ്യം ആക്ടിങ് സെക്രട്ടറിയായും പിന്നീട് സെക്രട്ടറിയായും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നത്. തുടര്‍ന്നുള്ള എട്ടുവര്‍ഷം ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടിയെ അടക്കിവാഴുമ്പോള്‍ ശശി പുറത്തായിരുന്നു. തിരിച്ചുവരവിനുള്ള ശശിയുടെ ഓരോനീക്കങ്ങളും ജില്ലാനേതൃത്വം വെട്ടി. എന്നാല്‍ ഇക്കാലമത്രയും പാര്‍ട്ടിക്കു വിധേയനായി ശശി കാത്തിരുന്നു. 2011ല്‍ പുറത്തായതിനു ശേഷവും പാര്‍ട്ടിക്കെതിരെ ഒരു വാക്കു പോലും പി.ശശി പറഞ്ഞിരുന്നില്ല. പാര്‍ട്ടിക്കു പുറത്തു നിന്നപ്പോഴും പാര്‍ട്ടിച്ചുമതലകളുള്ള നേതാക്കളെക്കാള്‍ ആത്മാര്‍ഥതയോടെ ശശി പ്രവര്‍ത്തിച്ചു.

അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്‌ഐക്കാരുടെ പെറ്റിക്കേസുകള്‍ മുതല്‍, ടിപി വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും ഉള്‍പ്പെട്ട പ്രതികളുടെ കേസുകള്‍ വരെ ശശി വാദിച്ചു. അഭിഭാഷകസംഘടന വഴിയായിരുന്നു പാര്‍ട്ടിയിലേക്കുള്ള മടക്കം. 2015ല്‍ ശശിയെ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാലു വര്‍ഷത്തിനുള്ളില്‍ ശശി സംഘടനയുടെ ജില്ലാ പ്രസിഡന്റായി. 2018ല്‍ തലശ്ശേരി കോടതി ബ്രാഞ്ച് അംഗമായി തിരിച്ചെടുത്തു. പിന്നാലെ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി. ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി.

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു ജയരാജന്റെ പടിയിറക്കവും ജില്ലാ കമ്മിറ്റിയിലേക്കുള്ള ശശിയുടെ വരവും ഒരുമിച്ചായിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിലേക്കു ജയരാജനെ മത്സരിക്കാന്‍ അയച്ചുകൊണ്ടു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുക മാത്രമല്ല, ആ തക്കത്തില്‍ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് എത്തിക്കാനുള്ള നീക്കവും വിജയിച്ചു. വടകരയില്‍ തോറ്റ ജയരാജനു പാര്‍ട്ടിയിലെ പിടികൂടി അയഞ്ഞതോടെ മുറിവേറ്റു. ഈ മുറിവുണക്കാനുള്ള ശ്രമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിന്റെ രൂപത്തിലുണ്ടാകുമെന്നു ജയരാജന്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജയരാജനെ തഴഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ്, സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും പി.ശശി സംസ്ഥാന കമ്മിറ്റിയംഗമായത്. ശശി വീണ്ടും പാര്‍ട്ടിയിലെ നിര്‍ണായക ശക്തികേന്ദ്രമായി മാറുന്നതില്‍ ആശങ്കപ്പെടുന്ന ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പൊളിറ്റിക്കല്‍ സെക്രട്ടറി പരാജയമാണെന്ന് മുഖ്യമന്ത്രിക്ക് ഏറെ അടുപ്പമുള്ള പി.വി.അന്‍വര്‍ തുറന്നടിക്കുമ്പോള്‍ ഉരുത്തിരിയുന്ന പിന്നണി നാടകങ്ങള്‍ രാഷ്ട്രീയ കേരളത്തെയാകെ അമ്പരിപ്പിക്കുന്നതാണ്.

English Summary:

Kerala CM Pinarayi Vijayan Under Fire as MLA Levels Explosive Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com