മുഖ്യമന്ത്രി സ്റ്റാലിൻ യുഎസിൽ; ഹരിതോർജ ഉൽപാദനത്തിന് 400 കോടിയുടെ കരാർ
Mail This Article
ചെന്നൈ∙ ഹരിതോർജ ഉൽപാദനവുമായി ബന്ധപ്പെട്ട് ചെന്നൈയ്ക്കടുത്ത് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതിന് യുഎസ് കമ്പനിയായ ഒമിയം ഇന്റർനാഷനൽ തമിഴ്നാട് സർക്കാരുമായി 400 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തേക്കു കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുന്നതിനായി യുഎസിലുള്ള മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഒപ്പിട്ടത്.
ഹരിതോർജം ഉൽപാദിപ്പിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. പുതുതായി 500 പേർക്കു തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 28ന് യുഎസിലെത്തിയ സ്റ്റാലിൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കം വിവിധ പ്രമുഖ കമ്പനികളുമായി ഇതിനകം ചർച്ച നടത്തി. സെമികണ്ടക്ടർ, ടെലികോം മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ കരാറിൽ നേരത്തെ ഒപ്പുവച്ചിരുന്നു.