ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി ഭരണപക്ഷ എംഎല്‍എ ഉയര്‍ത്തിവിട്ട അതീവഗുരുതരമായ ആരോപണങ്ങളില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹാരം കാണാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായ പി.വി.അന്‍വറിനെ പിണക്കാതെയും മുഖ്യമന്ത്രിയുടെ വിശ്വസ്തരായ എഡിജിപി എം.ആര്‍.അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും കൈവിടാതെയും ഉള്ള നടപടികള്‍ സ്വീകരിച്ചു മുഖം രക്ഷിക്കാന്‍ രാവേറെ ഭരണസിരാകേന്ദ്രം ജാഗ്രതയോടെ ഉണര്‍ന്നിരുന്നു. ഇരുകൂട്ടരെയും കൈവിടാന്‍ കഴിയാതെ ധര്‍മസങ്കടത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒടുവിലാണ് ക്രമസമാധാനച്ചുമതലയില്‍നിന്ന് അജിത്കുമാറിനെ ഒഴിവാക്കാന്‍ മുതിരാതെ, ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ അജിത്കുമാറിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന കീഴുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.

എഡിജിപി എം.ആര്‍.അജിത്കുമാറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ആരോപണങ്ങള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഐജി ജി.സ്പര്‍ജന്‍കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്പി എ.ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പി.വി.അന്‍വറുമായി വിവാദ ഫോണ്‍ സംഭാഷണം നടത്തിയ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങുകയും ചെയ്തു. സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ തിരിച്ചിടിയാകുമെന്ന കണക്കുകൂട്ടല്‍ പാര്‍ട്ടിക്കുമുണ്ട്. അതുകൊണ്ട് തിടുക്കപ്പെട്ടുള്ള നടപടികള്‍ സ്വീകരിച്ച് പ്രതിപക്ഷത്തിന് ആയുധം നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റി എന്ന പ്രതീതി ഉണ്ടാകാതെ, അദ്ദേഹത്തിന് മാറി നില്‍ക്കാനുള്ള അവസരം ഒരുക്കാനുള്ള ബദല്‍ സംവിധാനങ്ങളും ആലോചനയിലുണ്ട്.

കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ എഡിജിപി അജിത്കുമാറിനെ വേദിയില്‍ ഇരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ വലിയ തോതിലുള്ള തിരുത്തല്‍ നടപടികളാണ് പൊതുസമൂഹം പ്രതീക്ഷിച്ചത്. പുഴുക്കുത്തുകളെ സേനയില്‍നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തി ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വരുമെന്ന് ഉറപ്പായി. പൊലീസിന് എതിരായ പരാതി ആയതിനാല്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടില്ലെന്നും വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ഫയര്‍ ഫോഴ്സ് മേധാവി കെ.പത്മകുമാര്‍ എന്നിവര്‍ ആരെങ്കിലും അന്വേഷണച്ചുമതല വഹിക്കുമെന്നും കരുതി. എന്നാല്‍ രാത്രിയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

എഡിജിപിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് കീഴുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. എഡിജിപിക്കെതിരെ അന്വേഷിച്ച് ഇവര്‍ എതു തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് സേനയില്‍നിന്നു തന്നെ ചോദ്യം ഉയരുന്നു. പി.വി.അന്‍വറിനെ പിണക്കാതെ അഴകൊഴമ്പന്‍ അന്വേഷണം പ്രഖ്യാപിച്ച്് തടിയൂരാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസുമായും ആഭ്യന്തരവകുപ്പുമായും ബന്ധപ്പെട്ട് എന്തൊക്കെയാണ് നടക്കുന്നതെന്ന് പൊതുസമൂഹത്തിന് കൃത്യമായ ധാരണ കിട്ടാന്‍ പി.വി.അന്‍വറിന്റെ വെളിപ്പെടുത്തലിലൂടെ കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കൊലപാതകം, സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങി അതീവഗുരുതരമായ ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തി അദ്ദേഹത്തിനെതിരെ എങ്ങനെ അന്വേഷണം നടത്തുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അജിത്തുമായി മുന്‍പ് കൊമ്പുകോര്‍ത്തിട്ടുള്ള ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, അദ്ദേഹത്തെ നീക്കണമെന്ന നിലപാടിലാണ്. എന്നാല്‍ മുഖ്യമന്ത്രി അജിത് കുമാറിനെ കൈവിടാന്‍ തയാറല്ല. ഈ സാഹചര്യത്തില്‍ ഡിജിപിയുടെ നീക്കങ്ങള്‍ക്കും ഏറെ പരിമിതികള്‍ ഉണ്ടാകും. അജിത് ഒഴിഞ്ഞാല്‍ പകരം, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ്, ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്.

ഒരേ സമയം മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും ആജ്ഞാനുവര്‍ത്തിയായാണ് അജിത് കുമാര്‍ സേനയ്ക്കുള്ളിലും പാര്‍ട്ടിയിലും അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നു വരുത്താന്‍ അജിത്കുമാര്‍ നേരത്തേ നടത്തിയ ഒരു നീക്കം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ, വിജിലന്‍സ് ഡയറക്ടറായിരുന്ന അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം പാലക്കാട്ടെ വിജിലന്‍സ് സംഘം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ തട്ടിക്കൊണ്ടുപോകുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തതായിരുന്നു അത്. വിവാദമായതോടെ അജിത്കുമാറിനെ മാറ്റി. എഡിജിപി പ്രൊട്ടക്‌ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന അപ്രധാനമായ തസ്തികയിലായിരുന്നു നിയമനം.

നാലു മാസം തികയും മുന്‍പ് സര്‍വശക്തനായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി പൊലീസില്‍ രണ്ടാമനായി എത്തി. പിന്നീടങ്ങോട്ട് പി.ശശി- അജിത്കുമാര്‍ കൂട്ടുകെട്ട് പൊലീസ് ഭരണം പൂര്‍ണമായും കയ്യടക്കി. പരിഷ്‌കാരങ്ങളില്‍ പലതിലും ഐപിഎസുകാരും പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും പൊലീസ് അസോസിയേഷനും എതിര്‍പ്പുമായെത്തിയെങ്കിലും ഒന്നും മുകളിലെത്താതെ പൊളിറ്റിക്കല്‍ സെക്രട്ടറി നോക്കിയെന്നാണ് ആരോപണം. ‘സൂപ്പര്‍ ഡിജിപി’ എന്ന് അജിത്കുമാര്‍ പൊലീസിനകത്തും പുറത്തും വിശേഷിപ്പിക്കപ്പെട്ടു. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആദ്യം ഇടപെടാതെ മടിച്ചുനിന്നെങ്കിലും ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടിയതോടെ പിടിമുറുക്കാന്‍ തുടങ്ങി. ഒതുങ്ങിനിന്ന മറുപക്ഷവും അദ്ദേഹത്തിനൊപ്പം കൂടിയതോടെ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി. സിപിഎമ്മില്‍നിന്നുള്ള ഒരു വിഭാഗത്തിന്റെ പിന്തുണയോടെ പി.വി.അന്‍വര്‍ നേരിട്ടു രംഗത്തെത്തുകയും എസ്പി സുജിത് ദാസിന്റെ ഫോണ്‍സംഭാഷണം പുറത്തുവരികയും ചെയ്തതോടെ എതിര്‍പക്ഷം കൂടുതല്‍ സജീവമായി. ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനൊടുവില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയിലേക്കു നീങ്ങുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

English Summary:

Goverment Actions to Handle Allegations by PV Anvar MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com