ADVERTISEMENT

തിരുവനന്തപുരം ∙ പാപ്പനംകോട് ജംക്‌ഷനു സമീപം ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് പോർട്ടൽ ഓഫിസിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിച്ച് രണ്ടു പേർ മരിച്ചു. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫിസിലെ ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തിൽ വാടകയ്ക്കു താമസിക്കുന്ന വി.എസ്.വൈഷ്ണയും (34) ഒരു പുരുഷനുമാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞില്ല. ഇതു വൈഷ്ണയുടെ ഭർത്താവ് ബിനുകുമാർ ആണോയെന്നു പൊലീസ് സംശയിക്കുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലെ ഓഫിസിൽ പൊട്ടിത്തെറിയോടൊപ്പം പുകയും തീയും വ്യാപിച്ചത്. സമീപത്തെ കടകളിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കനത്ത പുക കാരണം ആർക്കും അടുക്കാനായില്ല. അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തിയ ശേഷമാണ് പൊലീസ് അകത്തു കയറി പരിശോധിച്ചത്.

രണ്ടു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇതിലൊന്ന് വൈഷ്ണയാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. രണ്ടാമത്തെയാളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.

ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാലു വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനു കുമാർ താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നതു പതിവായതോടെ ഇയാളുമായും അകന്നുകഴിയുകയായിരുന്നു. ഇയാൾ ഇടയ്ക്കിടെ ഓഫിസിലെത്തി വഴക്കിടുന്നതു സംബന്ധിച്ച് ആറു മാസം മുൻപ് വൈഷ്ണ നേമം പൊലീസിൽ പരാതി നൽകിയിരുന്നു. ബിനുവിന്റെ ഫോൺ ഓഫ് ആണ്.

തീ പിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടോ എസി പൊട്ടിത്തെറിച്ചതോ ആകാമെന്ന് ആദ്യം സംശയിച്ചെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ നടത്തിയ പരിശോധനയിൽ വയറിങ്ങിനു തകരാറല്ലെന്നു വ്യക്തമായി. കൊലപാതക സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധനയിൽ ഇതു വ്യക്തമാകും. നേമം പൊലീസ് കേസെടുത്തു. ആറാം ക്ലാസിൽ പഠിക്കുന്ന മകനും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളുമാണ് വൈഷ്ണയ്ക്കുള്ളത്.

English Summary:

Major Fire Erupts in Pappanamcode, Two Women Critically Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com