‘പുലിപോലെ വന്ന അൻവർ എലിപോലെ പോയി; അജിത്കുമാറിനെ മാറ്റിയാൽ പിണറായിയുടെ കൊള്ളരുതായ്മകൾ പുറത്തുവരും’
Mail This Article
തിരുവനന്തപുരം∙ ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പി.ശശിയേയും അജിത്കുമാറിനേയും മാറ്റിയാൽ പിണറായിയുടെ കൊള്ളരുതായ്മകൾ പുറത്തുവരുമെന്നതിനാലാണ് ഈ സമീപനം. പുലി പോലെ വന്ന പി.വി.അൻവർ എലി പോലെ പോയി. ആരോപണം ഉന്നയിച്ച അൻവറിനെ നിശബ്ദനാക്കിയത് കൊണ്ട് പ്രശ്നം അവസാനിച്ചെന്ന് പിണറായി കരുതരുതെന്നും വി.മുരളീധരൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ശിവശങ്കർ അകത്തുപോയത് പൊതുസമൂഹം കണ്ടതാണ്. സ്വർണക്കടത്തിനും ഗുണ്ടാപ്പണിക്കും നേതൃത്വം നൽകുന്ന സംഘാംഗങ്ങളെ അധികകാലം സംരക്ഷിക്കാനാകില്ല. വലിയ അഴിമതിക്കാർ പലതും പറഞ്ഞ് ഓട്ടയടച്ചത് മുൻപും കണ്ടതാണ്. എന്നാൽ ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ അവർക്കെല്ലാം അടിതെറ്റിയിട്ടുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായി വരാൻ അജിത് കുമാർ ഇടപെട്ടെന്ന വാദം ജനം തള്ളും. ശബരിമലയിൽ പ്രക്ഷോഭകരെ അടിച്ചോടിപ്പിക്കാൻ മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ. കവടിയാർ കൊട്ടാരത്തിനടുത്ത് ആഡംബര വീട് നിർമിക്കാൻ മാത്രം കോടികൾ ഈ ഉദ്യോഗസ്ഥന് എവിടെ നിന്ന് ഉണ്ടാകുന്നുവെന്നും വി.മുരളീധരൻ ചോദിച്ചു. ഇ.പി.ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടതുകൊണ്ടാണ് സ്ഥാനഭ്രഷ്ടനായതെങ്കിൽ ഇനിയും നേതാക്കൻമാർ സമാന സാഹചര്യം നേരിടും. രാഷ്ട്രീയത്തിൽ ഇത്തരം കൂടിക്കാഴ്ചകൾ സ്വഭാവികമാണെന്നും വി.മുരളീധരൻ പ്രതികരിച്ചു.