74 പുതിയ തുരങ്കപാതകൾ; ഒരു ലക്ഷം കോടി രൂപ ചെലവ്: പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ ദേശീയപാത ശൃംഖല ശക്തിപ്പെടുത്താൻ 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപനം. ഒരു ലക്ഷം കോടി രൂപ ചെലവിൽ 273 കിലോമീറ്റർ തുരങ്കപാത നിർമിക്കുമെന്നാണു റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖലയെ ശക്തിപ്പെടുത്താനും വിവിധ ഭൂപ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുമാണു പദ്ധതിയെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ തുരങ്കപാതകളുടെ നിർമാണം പൂർത്തിയാകും. നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾക്കൊപ്പമാകും തുരങ്കപാതകളുടെ നിർമാണം.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) ടണലിങ് ഇന്ത്യ കോൺഫറൻസിൽ സംസാരിക്കവേയാണ് മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്രസർക്കാർ ഇതുവരെ 35 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 15,000 കോടി രൂപ ചെലവിൽ 49 കിലോമീറ്റർ ദൈർഘ്യമുള്ള പാതകളാണ് പൂർത്തിയായത്. 134 കിലോമീറ്റർ വരുന്ന 69 തുരങ്കപാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് 40,000 കോടി രൂപയാണ് ചെലവ്.