‘കുരുക്ഷേത്ര ഭൂമി’യിൽ ശക്തി പരീക്ഷണത്തിന് ഇന്ത്യ–എൻഡിഎ മുന്നണികൾ; തിരഞ്ഞെടുപ്പു ഗോദയിൽ തീപാറും
Mail This Article
ചണ്ഡിഗഡ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കു നീങ്ങുകയാണ് ഹരിയാന. തിരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന സംസ്ഥാനം. ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ കോട്ടയായിരുന്ന ഹരിയാനയിൽ പക്ഷേ ഇക്കുറി കാര്യങ്ങൾ ഭരണകക്ഷിക്ക് എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഇന്ത്യാ മുന്നണിയുടെ കീഴിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചതോടെ ലോക്സഭയിൽ ബലാബലം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിരുന്നു.
90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പത്ത് സീറ്റുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടി (ജെജെപി) പിന്തുണച്ചതോടെയാണ് ബിജെപി വീണ്ടും അധികാരത്തിൽ എത്തിയത്. ഇതിനായി ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദവി നൽകി ബിജെപി കൂടെ നിർത്തി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി– ജെജെപി സർക്കാർ നിലം പൊത്തുകയായിരുന്നു.
പിന്നീട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ച് നായിബ് സിങ് സെയ്നിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റെങ്കിലും ബിജെപിക്ക് കാര്യങ്ങൾ ഇക്കുറി അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ മാജിക്ക് ആവർത്തിക്കാൻ ബിജെപിക്ക് സാധിക്കാതെ പോയത്. 2019 ൽ 10ൽ 10 സീറ്റ് നേടിയാണ് ബിജെപി ഹരിയാനയിൽ വിജയം കൈവരിച്ചതെങ്കിൽ 2024ൽ അത് അഞ്ചിലേക്ക് ചുരുങ്ങി. ബാക്കി അഞ്ചു സീറ്റുകളിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചു. സീറ്റ് നിലയിൽ മാത്രമല്ല ഈ ബലാബലം കണ്ടത്. ലീഡ് ചെയ്ത നിയമസഭാ സീറ്റുകളിലും ഇത് വ്യക്തമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ആകെയുള്ള 90 നിയമസഭാ മണ്ഡലങ്ങളിൽ 42 ഇടത്താണ് കോൺഗ്രസ് ലീഡ് ചെയ്തത്. 4 ഇടങ്ങളിൽ ആം ആദ്മി പാർട്ടിയും മുന്നിൽ നിന്നു. അതായത് 46 സീറ്റുകളിൽ ഇന്ത്യാ മുന്നണിയുടെ സമഗ്രാധിപത്യം. അതേസമയം 44 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങി. അതായത് ഇന്ത്യാ മുന്നണിയും എൻഡിഎയും സംസ്ഥാനത്ത് ബലാബലം കാണിച്ചുവെന്ന് ചുരുക്കം.
വോട്ടു വിഹിതത്തിന്റെ കാര്യത്തിലും ഈ ബലാബലം വ്യക്തമായിരുന്നു. 47.61 ശതമാനം വോട്ടുകളാണ് ഇന്ത്യാ മുന്നണി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പെട്ടിയിലാക്കിയതെങ്കിൽ, ബിജെപി 46.11 ശതമാനം വോട്ടുകൾ നേടി രണ്ടാമതെത്തി. അതുകൊണ്ടുതന്നെ ഇക്കുറി തീപാറും പോരാട്ടമായിരിക്കും ഹരിയാനയിൽ നടക്കുക. അതേസമയം ജാതി വോട്ടുകളുടെ പിൻബലമുള്ള ജെജെപി ഇക്കുറി ഹരിയാനയിൽ മൂന്നാം മുന്നണി രൂപീകരിച്ചിട്ടുണ്ട്. ജെജെപിയുടെ മൂന്നാം മുന്നണിയും മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഇതു മുന്നിൽക്കണ്ടാണ് ഇടഞ്ഞു നിൽക്കുന്ന ആം ആദ്മി പാർട്ടിയെ മുന്നണിയിൽ എത്തിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ ഹരിയാന കോൺഗ്രസിലെ നേതാക്കൾക്ക് ഇതിനോട് യോജിപ്പില്ല. 7 സീറ്റുകൾ വരെ എഎപിക്കു നൽകാമെന്നാണ് പിസിസിയുെട നിലപാട്. എന്നാൽ 10 സീറ്റുകളെങ്കിലും ലഭിക്കാതെ സഖ്യം വേണ്ടെന്ന് എഎപിയും തീരുമാനമെടുത്തിരിക്കുകയാണ്. എഎപി കൂടെയില്ലെങ്കിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്നും ഇതുവഴി ബിജെപി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് ഭയപ്പെടുന്നുണ്ട്. നിലവിൽ ജെജെപിയും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും സഖ്യമായാണ് മത്സരിക്കുന്നതെങ്കിലും, തൂക്കുസഭ വന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ വിലപേശൽ ശക്തിയായി ഇവർ മാറാനുള്ള സാധ്യതയും ബിജെപി, കോൺഗ്രസ് നേതൃത്വങ്ങൾ തള്ളിക്കളയുന്നില്ല.