ADVERTISEMENT

ന്യൂഡൽഹി∙ 2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയായ പെൺകുട്ടി ഡൽഹിയിലെ താമസസ്ഥലത്ത് നിന്ന് കുടിയിറക്കൽ ഭീഷണിയിൽ. ഏതാനും വർഷങ്ങൾക്ക് മുമ്പ് യുപിയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ പെൺകുട്ടിക്ക് ഡൽഹി വനിതാ കമ്മിഷൻ വാടക നൽകാത്തതിനാൽ അന്തിയുറങ്ങുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാടക നൽകിയില്ലെങ്കിൽ പുറത്താക്കുമെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും വീട്ടുടമ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. വിവാഹിതയും ഏഴു മാസം ഗർഭിണിയുമാണ് 23 വയസുകാരിയായ അതിജീവിത ഇപ്പോൾ.   

ബലാത്സംഗവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത അഞ്ചു കേസുകളും ലക്‌നൗ കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. അതിജീവിച്ച പെൺകുട്ടിക്കും കുടുംബത്തിനും തലസ്ഥാനത്ത് താമസസൗകര്യം ലഭ്യമാക്കാൻ സഹായിക്കണമെന്ന് ഡൽഹി ഹൈക്കോടതി 2019 സെപ്റ്റംബറിലാണ് ഡൽഹി വനിതാ കമ്മീഷനോട് നിർദേശിച്ചത്. ഇതിനു പുറമേ അതിജീവിതയ്ക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഡൽഹിയിലെ നംഗ്ലോയിൽ യുവതിക്കും അമ്മയ്ക്കും വനിതാ കമ്മിഷൻ താമസസൗകര്യം ഒരുക്കി.

പിന്നീട് 2023 മേയിൽ വിവാഹിതയായ യുവതി തുടർന്ന് ഭർത്താവിനൊപ്പം മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറുകയായിരുന്നു. സുപ്രീം കോടതി നിർദേശമുള്ളതിനാൽ ഇവിടെയും സിആർപിഎഫ് അതിജീവിതക്ക് സുരക്ഷ ഒരുക്കി. സിആർപിഎഫ് ഉദ്യോഗസ്ഥൻ താമസിക്കുന്ന ഒറ്റമുറി വീടിന്റെയും അതിജീവിത താമസിക്കുന്ന വാടക വീടിന്റെയും വാടകയും വൈദ്യുതി ബില്ലും കോടതി ഉത്തരവ് പ്രകാരം ഡൽഹി വനിതാ കമ്മിഷനാണ് നൽകി കൊണ്ടിരുന്നത്. വനിതാ ശിശു വികസന വകുപ്പിൽ നിന്നാണ് ഈ തുക കമ്മിഷൻ കണ്ടെത്തിയിരുന്നത്. ഈ തുക യുപി സർക്കാർ പിന്നീട് മടക്കി നൽകണമെന്നും കോടതി വ്യവസ്ഥ വച്ചിരുന്നു.

എന്നാൽ വാടക അടയ്ക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് അതിജീവിത പറയുന്നു. ഡൽഹി വനിതാ കമ്മിഷന്റെയും ഡൽഹി വനിതാ ശിശു വികസന വകുപ്പിന്റെയും ഓഫിസുകളിൽ നിരവധി തവണ അതിജീവിത കയറിയിറങ്ങിയെങ്കിലും ഉത്തരം ഒന്നും ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. മാസത്തിൽ അഞ്ചു തവണയെങ്കിലും കോടതിയിൽ പോകണം. അതുകൊണ്ട് ഡൽഹി വിടാൻ പറ്റില്ലെന്നും അതിജീവിത പറയുന്നു. എങ്ങനെ മുന്നോട്ട് പോകുമെന്നറിയാത്ത അവസ്ഥയിലാണ് അതിജീവിതയുടെ കുടുംബം.

2017 ജൂൺ 4 നാണ് തന്റെ 16 ആം വയസിൽ പെൺകുട്ടി ഉന്നാവോയിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അതിജീവിതയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് മരിച്ച കേസിലും കുൽദീപ് സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് ഉന്നാവ് കേസ് രാജ്യത്ത് ചർച്ചാവിഷയമായി മാറിയത്.

ബലാത്സംഗക്കേസിൽ യുപി പൊലീസിന്റെ നിഷ്‌ക്രിയത്വവും തന്റെ പിതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതും ചൂണ്ടിക്കാട്ടി, അതിജീവിത 2018 ഏപ്രിൽ 8 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ തീകൊളുത്തി മരിക്കാൻ ശ്രമിച്ചിരുന്നു. 2019 ജൂലൈ 28ന് അതിജീവിത സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് യുവതിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും ഒരു അഭിഭാഷകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് അതിജീവിതക്കും കുടുംബത്തിനും സുപ്രീംകോടതി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. 

English Summary:

Unnao Rape Survivor Faces Eviction Threat as Delhi Women's Commission Fails to Pay Rent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com