മൊബൈൽ തട്ടിപ്പറിച്ച് ഓടും, തടയാൻ ശ്രമിച്ചാൽ കുത്ത്; രാജ്യതലസ്ഥാനത്തെ പേടി സ്വപ്നമായി ‘മയൂർ വിഹാർ’
Mail This Article
ന്യൂഡൽഹി∙ വെറും 14 മണിക്കൂറിനുള്ളിൽ മയൂർ വിഹാറിലും സമീപ പ്രദേശങ്ങളിലുമായി മൊബൈൽ തട്ടിപ്പറിക്കൽ സംഘം ലക്ഷ്യം വച്ചത് 5 പേരെ. ഇതിൽ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേൽക്കുകയും ചെയ്തു. 2 കിലോമീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസം 5 ആക്രമണങ്ങളും നടന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ ജനങ്ങളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് മയൂർ വിഹാറും പരിസര പ്രദേശങ്ങളും.
സംഭവത്തിൽ കേസ് അന്വേഷണം ആരംഭിച്ചതായാണ് ഡൽഹി പൊലീസ് പറയുന്നത്. 5 അക്രമണങ്ങൾക്കു പിന്നിലും ഒരേ സംഘം തന്നെയാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. മയൂർ വിഹാർ പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിനിടെ കുത്തേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
സെപ്റ്റംബർ ഒന്നിന് വൈകുന്നേരം നാലു മണിക്കും സെപ്തംബർ രണ്ടിന് രാവിലെ ആറരയ്ക്കും ഇടയിലാണ് മൊബൈൽ തട്ടിപ്പറിക്കുന്ന സംഘത്തിന്റെ ആക്രമണം നടന്നത്. റോഡരികിലൂടെ മൊബൈലിൽ സംസാരിച്ച് കൊണ്ട് പോകുന്നവരെയാണ് ഇക്കൂട്ടർ കൂടുതലും ലക്ഷ്യം വയ്ക്കുന്നതെന്ന് പൊലീസ് പറയുന്നു. ബൈക്കിലെത്തുന്ന സംഘം കറുത്ത ഹെൽമറ്റ് ധരിച്ചാണ് മൊബൈൽ തട്ടിയെടുക്കാൻ എത്താറുള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയാണ് പൊലീസ്.