ADVERTISEMENT

മലപ്പുറം∙ നിയമസഭയിൽ 2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. വിവാദമായ അധ്യാപക ദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്. ‘‘ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’’ എന്നാണ് ജലീലിന്റെ കമന്റ്.

അധ്യാപക ദിനത്തിന്റെ ഭാഗമായി കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ ഇടത് അണികൾ തന്നെ രംഗത്തെത്തിയിരുന്നു. ‘രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്‍റെ മഷിക്ക്’ എന്ന കെ.ടി. ജലീലിന്‍റെ പ്രയോഗമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്‍റെ വിശുദ്ധി താഴ്ത്തിക്കേട്ടേണ്ടെന്നാണ് തരത്തിലാണ് വിമർശനം. ഇടതു പ്രൊഫൈലിൽ നിന്നും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.

അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധി താഴ്ത്തികെട്ടുന്നതു എന്തിനാനു ജലീൽ എന്നാണ് ഒരാളുടെ കമന്റ്. ഒളിയമ്പുകൾ നല്ലതല്ലെന്നും മഹാത്മാ ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാവ് ആണെന്നും മറ്റൊരാൾ ഓർമിപ്പിക്കുന്നു. പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റെന്നും പാർട്ടിയെ അപകീർത്തി പെടുത്തി വ്യക്തിത്വത്തെ ഉയർത്തികാട്ടാനുള്ള ശ്രമമെന്നും കമന്റുകളുണ്ട്.

നിയമസഭാ കയ്യാങ്കളി കേസിൽ കെ.ടി. ജലീൽ പ്രതിയാണ്. 2015ൽ ബജറ്റ് അവതരിപ്പിക്കാൻ എത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാൻ വേണ്ടിയാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. ബാർ കോഴ വിവദത്തെ തുടർന്നായിരുന്നു പ്രതിഷേധം. കയ്യാങ്കളിയെ തുടർന്ന് നിയസഭയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ജലീലിനു പുറമെ, മന്ത്രി വി.ശിവൻകുട്ടി, എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി. ജയരാജൻ, മുൻ എംഎൽഎമാരായ സി.കെ. സദാശിവൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.

English Summary:

KT Jaleel About Assembly Ruckus Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com