സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; ‘എമർജൻസി' റിലീസ് മാറ്റി: പുതിയ തീയതി ഉടനെന്ന് കങ്കണ
Mail This Article
മുംബൈ∙ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ സിനിമ ‘എമർജൻസി’യുടെ റിലീസ് നീട്ടി. ഇന്നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിക്കാത്തതിനാലാണു റിലീസ് നീട്ടിയതെന്നു കങ്കണ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. സിനിമയ്ക്കെതിരെ ഉയർന്നുവന്നിരിക്കുന്ന എതിർപ്പുകൾ സെപ്റ്റംബർ 18നകം തീർപ്പാക്കണമെന്നാണു ബോംബെ ഹൈക്കോടതി സെൻസർ ബോർഡിനോടു നിർദേശിച്ചിരിക്കുന്നത്. കങ്കണ തന്നെയാണു സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം, അവർ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലയളവ്, 1970 കളിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ, എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനു ചില സിഖ് വിഭാഗക്കാർ എതിർപ്പ് ഉയർത്തിയതിനെ തുടർന്നാണു സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള എംപിയായ കങ്കണ കർഷക പ്രതിഷേധത്തെ കുറിച്ചു നടത്തിയ അഭിപ്രായത്തിന്റെ പേരിൽ നിരവധി സിഖ് സംഘടനകളിൽനിന്നും രാഷ്ട്രീയ പാർട്ടികൾനിന്നും ഭീഷണികളും എതിർപ്പുകളും നേരിട്ടിട്ടുണ്ട്.