ADVERTISEMENT

തിരുവനന്തപുരം∙ കാവേരി ജലതര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കേരളം പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിലവില്‍ കബനി തടത്തിലെ തൊണ്ടാറിലും കടമാന്‍ തോട്ടിലും മാത്രമാണ് കാവേരി ജലം കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ശേഷിക്കുന്നത് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ഒഴുകി പോവുകയാണ്. 

നൂല്‍പ്പുഴ, പെരിങ്ങോട്ടുപുഴ, തിരുനെല്ലി, കല്ലംമ്പതി, ചൂണ്ടാലിപ്പുഴ എന്നിവിടങ്ങളില്‍ കൂടി ഈ ജലം ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ ശ്രമം. ഇതിന്റെ പഠനത്തിനും വിശദമായ ഡിപിആറും അനുബന്ധ രേഖകളും തയാറാക്കാനാണ് പണം അനുവദിച്ചിരിക്കുന്നത്. 20 വര്‍ഷത്തിനു മുന്‍പു തന്നെ കാവേരി ജല തര്‍ക്ക ട്രിബ്യൂണല്‍ കേരളത്തിന് 30 ടിഎംസി ജലം അനുവദിച്ചിരുന്നു. അതില്‍ 21 ടിഎംസി ജലം വയനാട്ടിലെ വടക്കന്‍ ജില്ലയിലെ കബനി നദീതടത്തില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇതു പൂര്‍ണമായും ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. 

അനുവദിച്ച ജലം കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാര്‍ നദികളിലൂടെ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമാണ് പോകുന്നത്. കാവേരിയില്‍ ചേരുന്ന കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളില്‍ ഏറ്റവും വലുതാണ് കബനി. ഇതിന്റെ ആകെ നീളം 210 കിലോമീറ്ററാണ്. ഈ നദിയുടെ 56 കിലോമീറ്റര്‍ വയനാട്ടിലൂടെയാണ് ഒഴുകുന്നത്. മുന്‍പ് അട്ടപ്പാടിയിലെ ആദിവാസി ഉള്‍പ്രദേശങ്ങളില്‍ ഭവാനിയുടെ കൈവഴിയായ ശിരുവാണി നദിയില്‍ ഒരു ചെറിയ അണക്കെട്ട് നിർമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍വേ ആരംഭിച്ചപ്പോള്‍, തമിഴ്നാട് സര്‍ക്കാരും കോയമ്പത്തൂര്‍-തിരുപ്പൂര്‍-ഈറോഡ് മേഖലയിലെ കര്‍ഷകരും കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു.

English Summary:

Effective Use of Kaveri Water: Kerala Announces Rs 10 Crore Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com