രജനീകാന്ത് സിനിമയുടെ സംവിധായകനെ അറിയുമോ? ഇല്ലെങ്കിൽ കുഴങ്ങും; പിഎസ്സി പരീക്ഷയിലെ ട്വിസ്റ്റ്
Mail This Article
തിരുവനന്തപുരം∙ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ തട്ടുപൊളിപ്പന്‍ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ബാഷയുടെ സംവിധായകന് ആര്? - സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരാകാന്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ഥികളോടു പിഎസ്സി ചോദിച്ച ചോദ്യമാണിത്.
മലയാള ഭാഷാ ചരിത്രവും വ്യാകരണവും പാശ്ചാത്യ, പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളും മലയാള കവിതാസാഹിത്യവും അരച്ചുകലക്കിക്കുടിച്ച് പരീക്ഷയ്ക്കെത്തിയവരാണ് രജനീകാന്ത് സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലുള്ള ചോദ്യം കണ്ടു ഞെട്ടിയത്. 55–ാമത്തെ ചോദ്യമായിരുന്നു ഇത്. അടുത്ത ചോദ്യവും ഉദ്യോഗാര്‍ഥികളെ അമ്പരപ്പിച്ചു. ഏറ്റവും കൂടുതല്‍ കാലം ഒരേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഭാഷാ സിനിമയേത് എന്നതായിരുന്നു 56-ാം ചോദ്യം. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളായതിനാല്‍ പരീക്ഷ തന്നെ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
അതേസമയം, ദൃശ്യകലാസാഹിത്യം എന്ന പേരില്‍ സിനിമയും സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ആവിര്‍ഭാവം, ചരിത്രം, തിരക്കഥയും സിനിമയും ഇന്ത്യന്‍ സിനിമയുടെ ചരിത്രം, നവ ഇന്ത്യന്‍ സിനിമ, ജനപ്രിയ സിനിമ, പുതുതലമുറ സിനിമ എന്നിവയും സിലബസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2972 പേര്‍ക്കാണ് എച്ച്എസ്എസ്ടി ജൂനിയര്‍ മലയാളം പരീക്ഷ എഴുതാന്‍ കണ്ഫര്മേഷന് ലഭിച്ചിരുന്നത്.