വിനേഷ് ഫോഗട്ട് ജുലാനയിൽ സ്ഥാനാർഥി; ബജ്‌രംഗ് പുനിയ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ
Mail This Article
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന നിയമസഭാ മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കും. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബറിയ ആണ് പാർട്ടി തീരുമാനം അറിയിച്ചത്. ബജ്‌രംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. റെയിൽവേയിലെ ഉദ്യോഗം രാജിവച്ചാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖർഗെയുമായും കെ.സി.വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണു വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.
കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ ഇരുവർക്കും അംഗത്വം നൽകിയ ശേഷം പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്ത് നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണ് വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏതു പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.
ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.
സെപ്റ്റംബർ 4ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.