ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി– ഡിജിപി കൂടിക്കാഴ്ച; ക്രൈംബ്രാഞ്ച് എഡിജിപിയെ വിളിച്ചു വരുത്തി, ചർച്ച 1 മണിക്കൂറോളം നീണ്ടു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേശിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി. എഡിജിപി എം.ആർ.അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
എം.ആർ.അജിത്കുമാറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങൾ എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ഐജി ജി.സ്പർജൻകുമാർ, ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനൻ, സ്പെഷൽ ബ്രാഞ്ച് എസ്പി എ.ഷാനവാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.
എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് മാറ്റാതെയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഗുരുതര ആരോപണങ്ങൾ പി.വി.അൻവർ പരസ്യമായി ഉന്നയിച്ചെങ്കിലും പരാതികളിൽ ഇതു പരാമർശിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ സർക്കാർ തല പരിശോധന നടക്കുന്നുണ്ട്. സർക്കാർ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ പാർട്ടിതല പരിശോധന നടത്താനാണ് സിപിഎം തീരുമാനം. പി.വി.അൻവറിന്റെ ആരോപണങ്ങളെ തുടർന്ന് എസ്പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.