‘കശ്മീരിന് ആഗോള പ്രാധാന്യം’; പാക്കിസ്ഥാൻ അയൽക്കാരുമായി സമാധാനം ആഗ്രഹിക്കുന്നെന്ന് ഷഹബാസ് ഷെരീഫ്
Mail This Article
ഇസ്‌ലാമാബാദ്∙ എല്ലാ അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാനിൽ പുരോഗതിയും സമാധാനവും ഇഴചേർന്നു. അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം ആഗ്രഹിക്കുമ്പോഴും രാജ്യം സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
പ്രതിരോധ ദിനത്തിന്റെ ഭാഗമായി മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം. ‘‘ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നില്ല. മേഖലയിലെ സമാധാനത്തിലും സ്ഥിരതയിലും പാക്കിസ്ഥാനു പങ്കുണ്ട്.’’ – ഷഹബാസ് ഷെരീഫ് പറഞ്ഞു.
രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്റെ കരസേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. സൈന്യവും പൊതുജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഇരുവർക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കും. സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണ്. പ്രകൃതിദുരന്തങ്ങൾ, വിദേശ ശത്രുതകൾ അല്ലെങ്കിൽ തീവ്രവാദത്തിനെതിരായ യുദ്ധം എന്നിവയിൽ രക്ഷാപ്രവർത്തനം ഉൾപ്പെടെ എല്ലാ മേഖലകളിലും രാജ്യം എപ്പോഴും സൈന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും അസിം മുനീർ പറഞ്ഞു.
കശ്മീർ ഒരു ദേശീയപ്രശ്‌നം മാത്രമല്ല. ആഗോള പ്രാധാന്യമുള്ള ഒന്നാണെന്നും അസിം മുനീർ പറഞ്ഞു. പാക്കിസ്ഥാൻ നാവികസേന പുതുതായി നിർമിച്ച രണ്ട് യുദ്ധക്കപ്പലുകളായ പിഎൻഎസ് ബാബർ, പിഎൻഎസ് ഹുനൈൻ എന്നിവ ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.