ലക്ഷദ്വീപിനും ബവ്കോയുടെ ചിയേഴ്‌സ്; ഇനി ലഹരി നുണഞ്ഞ് വിനോദസഞ്ചാരം
Mail This Article
കോട്ടയം ∙ കേരളത്തോടൊപ്പം ലക്ഷദ്വീപിനും ചിയേഴ്‌സ് പറയാൻ ബവ്കോ. ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അപേക്ഷപ്രകാരം അങ്ങോട്ടേക്കു മദ്യം കയറ്റി അയയ്ക്കാനാണു ബവ്കോയുടെ തീരുമാനം. കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണു കപ്പല്‍ മാര്‍ഗം ദ്വീപിലെത്തിക്കുക. കേരളത്തിലേതിനു പുറമേ ബവ്കോയ്ക്ക് അധികവരുമാനമായി ഈ കയറ്റുമതി മാറുമെന്നാണു കണക്കുകൂട്ടൽ. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവിൽ അനുമതി.
ടൂറിസം പ്രചരണാർഥം വലിയതോതിൽ മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തേ സംസ്ഥാന സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇതേപ്പറ്റി പഠിച്ച എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു മദ്യം നൽകാമെന്നു കേരളം സമ്മതിച്ചത്. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റി അയ്ക്കാന്‍ കഴിയില്ല. ഇതിനായി നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.