‘അഫ്സൽ ഗുരുവിനു പൂമാല ഇടണമായിരുന്നോ?’: ഒമർ അബ്ദുല്ലയ്ക്ക് മറുപടിയുമായി രാജ്നാഥ് സിങ്
Mail This Article
ജമ്മു ∙ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല നടത്തിയ പരാമർശത്തിൽ രൂക്ഷ മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ‘നമ്മൾ അഫ്സൽ ഗുരുവിനു പൂമാല ഇടണമായിരുന്നോ?’ എന്നായിരുന്നു രാജ്നാഥിന്റെ ചോദ്യം. ജമ്മു കശ്മീരിലെ റംബാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒമർ അബ്ദുല്ല അത്തരമൊരു പരാമർശം നടത്തിയതു നിർഭാഗ്യകരമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റരുതായിരുന്നു എങ്കിൽ പിന്നെ നമ്മൾ എന്താണു ചെയ്യേണ്ടിയിരുന്നത്? നമ്മൾ അഫ്സൽ ഗുരുവിനു പരസ്യമായി പൂമാലയിടണമായിരുന്നോ?’’– രാജ്നാഥ് ചോദിച്ചു. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ ഒന്നും നേടാനായില്ലെന്നും അന്നത്തെ ജമ്മു കശ്മീർ സർക്കാർ വധശിക്ഷയ്ക്ക് അംഗീകാരം നൽകില്ലായിരുന്നു എന്നുമാണ് ഒമർ അബ്ദുല്ല കഴിഞ്ഞദിവസം പറഞ്ഞത്.
കശ്മീരിൽ ഭീകരതയ്ക്കു പിന്തുണ നൽകുന്നതു പാക്കിസ്ഥാൻ അവസാനിപ്പിച്ചാൽ ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യ തയാറാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ‘‘ഭീകരവാദത്തിനു പിന്തുണ നൽകുന്നത് അവസാനിപ്പിക്കുക എന്ന ഒറ്റക്കാര്യം പാക്കിസ്ഥാൻ ചെയ്താൽ, അയൽരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ആര് ആഗ്രഹിക്കാതിരിക്കും? നിങ്ങൾക്ക് ഒരു സുഹൃത്തിനെ മാറ്റാൻ കഴിയും, പക്ഷേ അയൽക്കാരനെ മാറ്റാനാവില്ല എന്ന യാഥാർഥ്യം എനിക്കറിയാം. പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധമാണ് ആഗ്രഹിക്കുന്നത്, പക്ഷേ ആദ്യം അവർ ഭീകരവാദം അവസാനിപ്പിക്കണം’’– രാജ്നാഥ് വ്യക്തമാക്കി.