ADVERTISEMENT

തിരുവനന്തപുരം ∙ നാലു ദിവസം നഗരവാസികൾ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. നഗരത്തിലേക്കു കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. രാത്രി പത്തോടെ ജലവിതരണം പുനഃസ്ഥാപിച്ചു. രാത്രിയോടെ എല്ലായിടത്തും വെള്ളമെത്തും. തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിച്ചത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്ന റെയില്‍വേയുടെ നിബന്ധനയെ തുടര്‍ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

48 മണിക്കൂറിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. ഇതിനാകട്ടെ ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റേണ്ടിയിരുന്നു. ലൈനിലെ വെള്ളം നീക്കം ചെയ്തതിനു ശേഷമാണ് ജോലി പുനഃരാരംഭിക്കാനായത്. വെള്ളം നീക്കം ചെയ്യുന്നതിന് 7 മണിക്കൂറോളം വേണ്ടി വന്നു. പ്രവൃത്തി നീണ്ടുപോകുന്നതിന് ഇതും കാരണമായി. തുടര്‍ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ചു വാല്‍വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്‍ത്തിയാക്കി.

ദ്രുതഗതിയില്‍ ജോലി തീര്‍ക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുനിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ പൈപ്പുകൾ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്‍മെന്റില്‍ മൂന്നു സെന്റിമീറ്റര്‍ വ്യത്യാസം വന്നു. ഇതു പരിഹരിക്കുന്നതിന് മണ്ണു നീക്കം ചെയ്തു ലെവല്‍ ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്തു വാല്‍വ് ഘടിപ്പിക്കുകായിരുന്നു. മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത തടസ്സങ്ങള്‍ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം സംഭവിക്കാന്‍ കാരണമായത്. പ്രതിസന്ധിയുടെ വിവരം അറിഞ്ഞയുടൻ മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 

ശനിയാഴ്ച രാത്രി 11 മണിയോടെ പ്രവൃത്തിസ്ഥലത്ത് എത്തിയിരുന്നു. പുലര്‍ച്ചെ രണ്ടര വരെ അവിടെ തുടര്‍ന്നു. ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. രാവിലെ പത്തു മണിയോടെ വീണ്ടും എത്തുകയും ആവശ്യമെങ്കില്‍ കൂടുതല്‍ ജോലിക്കാരെ നിയോഗിച്ച് എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. സാഹചര്യം മനസ്സിലാക്കി സഹകരിച്ച ഏവർക്കും നന്ദി. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിസന്ധി ഒഴിവാക്കുന്നതിന് മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു. മുഴുവന്‍ സമയവും ക്യാംപ് ചെയ്ത ജോയിന്റ് എംഡി ഡോ. ബിനു ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

English Summary:

Pipe Replacement Causes Water Crisis in Thiruvananthapuram, Minister Apologize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com