ADVERTISEMENT

മലപ്പുറം∙ മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരൻ. മകനെ കൂടുതൽ സമ്മർദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എല്ലാം അവൻ മുൻകയ്യെടുത്താണു നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു. ആറു ദിവസമായി നെഞ്ചിൽ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണു സമാധാനമായതെന്നും അമ്മ പറഞ്ഞു. മകനെ കാണാനായി കാത്തിരിക്കുകയാണ്. പൊലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോടു സംസാരിച്ചിട്ടില്ല. പൊലീസ് സംഘം ഊട്ടിയിൽനിന്നു മലപ്പുറത്തേക്കു യാത്ര തിരിച്ചു.

വിഷ്ണുവിനോട് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് സഹോദരി ജസ്ന പറ‍ഞ്ഞു. താലിമാല വാങ്ങാനുള്ള പണം കരുതി വച്ചിട്ടുണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ഈ പണമെടുക്കാനായി പോയെന്നാണ് കരുതുന്നതെന്ന് സഹോദരീഭർത്താവ് പറഞ്ഞു. പണത്തിന് ബുദ്ധിമുട്ടുണ്ടോയെന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ല. വീട്ടിൽനിന്ന് പോകുമ്പോഴും സന്തോഷത്തിലായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിട്ടില്ല. കല്യാണത്തിനുള്ള ഭക്ഷണം, പന്തൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പണം വിഷ്ണു തന്നെയാണ് കണ്ടെത്തിയതെന്നും വീട്ടുകാർ പറഞ്ഞു.

വിഷ്ണുജിത്ത് സാമ്പത്തിക പ്രയാസം കാരണം മാറി നിന്നതാണെന്നു സൂചന. ഇന്നു രാവിലെ ഊട്ടിയിൽ നിന്നു വിഷ്ണുജിത്തിനെ പൊലീസ് കണ്ടെത്തിയിരുന്നു. വിഷ്ണുജിത്തിനെ മലപ്പുറത്തെത്തിച്ച ശേഷം കുടുംബത്തോടൊപ്പം വിട്ടയയ്ക്കും. വിഷ്ണുജിത്ത് പൊലീസിനൊപ്പമുണ്ടെന്നു മലപ്പുറം എസ്പി എസ്.ശശിധരൻ സ്ഥിരീകരിച്ചു.

വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനെന്നു പറഞ്ഞാണു വിഷ്ണുജിത്ത് കഴിഞ്ഞ 4ന് വീട്ടിൽ നിന്നു പോയത്. വിവാഹം നിശ്ചയിച്ചിരുന്ന ഞായറാഴ്ചയായിട്ടും തിരിച്ചുവന്നില്ല. സാമ്പത്തിക പ്രയാസം കാരണം വിഷ്ണു നാട്ടിൽനിന്നു മാറിനിന്നുവെന്നാണു പ്രാഥമിക സൂചന. സെപ്റ്റംബർ 4ന് രാത്രി 8.45 മുതൽ വിഷ്ണുവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വിഷ്ണുജിത്ത് പാലക്കാട് നിന്നു കോയമ്പത്തൂർ ഭാഗത്തേക്കുള്ള ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.

ഇന്നലെ രാത്രി സഹോദരി വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തെങ്കിലും ഒന്നും മിണ്ടിയില്ല. കുടുംബം ഇക്കാര്യം പൊലീസിനെ അറിയിച്ചു. പരിശോധിച്ചപ്പോൾ ലൊക്കേഷൻ തമിഴ്നാട്ടിലെ കൂനൂരിനു സമീപമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ, തമിഴ്നാട് പൊലീസിലെ ഉന്നതരെ മലപ്പുറം എസ്പി ബന്ധപ്പെട്ടു. വിഷ്ണുജിത്തിനെ അന്വേഷിച്ചു തമിഴ്നാട്ടിലെത്തിയ മലപ്പുറം പൊലീസിലെ രണ്ടു സംഘങ്ങൾ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഊട്ടിയിൽവച്ചു വിഷ്ണുജിത്തിനെ കണ്ടെത്തുകയായിരുന്നു.

English Summary:

Missing Kerala Groom Found Safe in Ooty, Family Relieved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com