പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത്, മകൻ തിരിച്ചറിഞ്ഞു; ശർമിളയും മാത്യൂസും ഒളിവിൽ
Mail This Article
ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (73) തിരിച്ചറിഞ്ഞു. സുഭദ്രയുടെ മകൻ രാധാകൃഷ്ണനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ആന്തരിക അവയവങ്ങളുടെ ഉൾപ്പെടെ സാമ്പിൾ ശേഖരിക്കും
ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിലാണ് കോർത്തശ്ശേരിയിലെ വീടിനടുത്തുള്ള പറമ്പിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
പറമ്പിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം. തുടർന്ന് വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കൃത്യസ്ഥലം ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടൂർ ആണെന്ന് കാണിച്ച് തുടർന്നുള്ള അന്വേഷണം മണ്ണഞ്ചേരി പൊലീസിന് കൈമാറി. തുടർന്നു നടന്ന അന്വേഷണത്തിലാണ് സുഭദ്ര കോർത്തശ്ശേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്.
കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണ് കോർത്തുശേരിയിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോർത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.
സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കിയിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. ഇരുവരും ഒളിവിലാണ്.