ADVERTISEMENT

കൊച്ചി ∙ ‘‘‍ഞാനെന്റെ ധാരണക്കുറവിന്റെ ഇരയാണ്’’, സൈബർ തട്ടിപ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് താൻ കുറച്ചു ദിവസങ്ങളായി കടന്നു പോയ അവസ്ഥയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഡോ.ഗീവർഗീസ് മാർ കൂറിലോസ് അടക്കമുള്ളവർ പറ്റിക്കപ്പെട്ടിട്ടും സൈബർ തട്ടിപ്പിന് യാതൊരു കുറവുമില്ല എന്നു തെളിയിക്കുന്നതു കൂടിയാണ് ജെറി അമൽദേവ് നേരിട്ട ഭീഷണി. രണ്ടാഴ്ചയോളമാണ് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ സൈബർ തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് തീ തിന്നത്. ‘‘ഈ വാർത്ത പുറത്തു വന്നതിനു ശേഷം ഇത്തരത്തിൽ പറ്റിക്കപ്പെട്ട ഒട്ടേറെ പേരുടെ ഫോണുകൾ വരുന്നുണ്ട്’’, സമയോചിത ഇടപെടൽ കൊണ്ട് ജെറി അമൽദേവിന്റെ പണം പോകാതെ രക്ഷപ്പെടുത്തിയ ഫെഡറൽ ബാങ്ക് പച്ചാളം ബ്രാഞ്ച് മാനേജർ സജനമോൾ എസ്. പറയുന്നു. 

രണ്ടാഴ്ച മുമ്പാണ് ജെറി അമൽദേവിന്റെ വാട്സാപ് നമ്പറിലേക്ക് അപരിചിതമായ ഒരു വിളിയെത്തുന്നത്. താൻ മുംബൈയിലെ ഒരു സ്റ്റേഷനിൽ നിന്നുള്ള ബിനോയ് ചൗബെ എന്ന ഇൻസ്പെക്ടറാണെന്നും ഒരു കേസുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നത് എന്നുമായിരുന്നു മറുതലയ്ക്കലെ സന്ദേശം. വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ അന്വേഷണത്തിൽ ജെറി അമൽദേവിന്റെ പേരിലുള്ള ഒരു ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത് എന്നും ‘ഇൻസ്പെക്ടർ’ പറഞ്ഞു. 

എന്നാൽ അത്തരത്തിൽ ഒരു ക്രെഡിറ്റ് കാർഡ് തന്റെ പക്കൽ ഇല്ലെങ്കിൽ പോലും ഭയന്നു പോയെന്ന് ജെറി പറയുന്നു. ‘‘എനിക്ക് ആ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ പോലും പേടിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. ഇത്തരത്തിൽ നാലഞ്ച് ദിവസം രണ്ടു മണിക്കൂറോളം വിളിക്കുന്നത് ആവർത്തിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യമായതിനാൽ വീട്ടുകാരോടു പോലും പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കാൻ പറയും’’– അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. 

ബിനോയ് ചൗബേ എന്ന ഇൻസ്പെക്ടർക്കു പുറമെ മേലുദ്യോഗസ്ഥ എന്നു പരിചയപ്പെടുത്തിയ ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്ന് ജെറി അമല്‍ദേവ് പറയുന്നു. ഇതിനൊടുവിലാണ് സൈബർ തട്ടിപ്പുകാർ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് പ്രശ്നങ്ങൾ ഒഴിവാക്കാം, എന്നാൽ അതിനായി 2.70 ലക്ഷം രൂപ ഒരു ആർടിജിഎസ് വഴി തങ്ങൾ പറയുന്ന ‌അക്കൗണ്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. 

‘‘ഈ മാസം നാലിനാണ് അദ്ദേഹം ബാങ്കിലെത്തുന്നത്. പ്രശസ്തനായതുകൊണ്ടു തന്നെ എല്ലാവർക്കും അറിയാം. പക്ഷേ അന്ന് എത്തിയത് ആകെ പരിഭ്രാന്തനായാണ്. എത്തിയപാടേ ആർടിജിഎസ് വഴി പണമയച്ച് യുടിആർ നമ്പർ വേണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള അവസ്ഥ കണ്ടപ്പോൾ സംശയം തോന്നിയതു കൊണ്ട് എന്തിനാണ് പണം അയയ്ക്കുന്നത് എന്ന് ചോദിച്ചു. വീട്ടിലെ ആവശ്യങ്ങൾക്കാണെന്നും പറഞ്ഞു. ഇതിനിടയിലും അദ്ദേഹം ഇയർഫോൺ വഴി സംസാരിക്കുന്നുണ്ട് എന്ന് തോന്നി. ആ കോൾ കട്ട് ചെയ്യാമോ എന്നു ചോദിച്ചെങ്കിലും അദ്ദേഹം തയാറായില്ല. അപ്പോൾ എന്റെ സംശയം കൂടി. ഇതിൽ എന്തോ തട്ടിപ്പ് ഉണ്ട്, പണമയയ്ക്കാൻ പറ്റില്ല എന്ന് എഴുതിക്കാണിച്ചു. അദ്ദേഹം തന്നെ അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോൾ ഡൽഹിയിലെ മുക്ത്യാനഗർ‍ എസ്ബിഐ ബ്രാഞ്ചിലെ ജനതാസേവ എന്ന അക്കൗണ്ടായിരുന്നു. ഇതോടെ പൂർണ തട്ടിപ്പാണെന്ന് മനസ്സിലായി. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചാക്കോയെ വിവരം ധരിപ്പിച്ചു. എസ്ഐ എന്റെ ഫോണിൽക്കൂടി തന്നെ അദ്ദേഹവുമായി സംസാരിച്ച് തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് അദ്ദേഹം ശാന്തനായത്’’– സജനമോൾ പറഞ്ഞു.

സമാനമായ ഒട്ടെറെ തട്ടിപ്പുകൾ നടക്കുന്നതും പൊലീസ് ഇതിനെതിരെ മുന്നറിയിപ്പുകൾ നൽകിയിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു കെണിയിൽ വീണത് എന്നു ചോദിച്ചപ്പോൾ ‘‘താൻ തന്റെ ധാരണക്കുറവിന്റെ ഇരയാണ്’’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പരസ്യങ്ങളൊക്കെ കാണാറുണ്ടെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നു പറഞ്ഞ് അദ്ദേഹം ചിരിച്ചു. ഈ വാർത്ത പുറത്തു വന്നതിനു ശേഷം ബ്രാഞ്ചിലേക്ക് ഒട്ടേറെ വിളികൾ വരുന്നുണ്ടെങ്കിലും സമാനരീതിയിൽ തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരികെക്കിട്ടാൻ വഴിയുണ്ടോ എന്നാരാഞ്ഞാണ് ഇവയിൽ പലതുമെന്ന് സജനമോൾ പറയുന്നു. സൈബർ തട്ടിപ്പുകൾക്കെതിരായ അവബോധ പരിപാടികൾ വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരം കാര്യങ്ങൾ നഗരവാസികളിൽ ഭൂരിഭാഗത്തിന്റെയും അടുത്തുപോലും എത്തിയിട്ടില്ല എന്നതു കൂടിയാണ് പുതിയ തട്ടിപ്പ് ശ്രമം തെളിയിക്കുന്നത്.

English Summary:

Music Director Jerry Amaldev Escapes Major Cyber Scam: A Narrow Escape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com