അജിത്തിന്റെ കൂടിക്കാഴ്ച ചോർന്നതിൽ ആർഎസ്എസിന് അതൃപ്തി; സതീശന് വിവരം നൽകിയതാര്?
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്ക്ക് അതൃപ്തി. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, മുതിർന്ന നേതാവ് റാം മാധവ് തുടങ്ങിയ നേതാക്കളെ അജിത്കുമാർ സന്ദർശിച്ച വിവരം പ്രതിപക്ഷ വി.ഡി.സതീശന് ചോർത്തി നൽകിയതാരെന്ന് അന്വേഷിക്കാനാണ് ആർഎസ്എസ് തീരുമാനം. മുതിർന്ന നേതാവ് ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ് അസ്വസ്ഥരാണ്.
പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 2023 മേയ് 12 മുതൽ 27 വരെ തൃശൂരിൽ നടന്ന ദ്വിതീയ വർഷ സംഘ് ശിക്ഷാവർഗിനിടെയാണ് ഹൊസബാളെയെ അജിത്കുമാർ കണ്ടത്. പ്രാന്ത പ്രചാരക് എസ്.സുദർശനും വിശേഷ് സമ്പർക്ക് പ്രമുഖ് എ.ജയകുമാറിനുമാണ് ഇതേക്കുറിച്ച് അറിയാമായിരുന്നത്.
ഇവർക്കല്ലാതെ മറ്റാർക്കെങ്കിലും കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്നോയെന്നും പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ഉന്നത പൊലീസുദ്യോഗസ്ഥനെ യോഗസ്ഥലത്തേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്നും അജിത്കുമാറിന്റെ സന്ദർശന ഉദ്ദേശ്യം നേരത്തേ അറിയേണ്ടതായിരുന്നുവെന്നുമാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.