‘കുടിവെള്ളം മുടങ്ങാൻ കാരണം സർക്കാരും കോർപറേഷനും; വൻകിട സ്ഥാപനങ്ങൾക്ക് ടാങ്കറിൽ വെള്ളം വിറ്റു’
Mail This Article
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽ കുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്തമുള്ള കോർപറേഷൻ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവയ്ക്കുകയാണ് വേണ്ടത്. കൗൺസിലർമാരെ വിശ്വാസത്തിലെടുക്കുന്നതിൽ മേയറും സംഘവും പരാജയപ്പെട്ടു. നഗരത്തിൽ വെള്ളമെത്തിക്കേണ്ട നഗരസഭാ അധികൃതർ നഗരത്തിന് പുറത്തെ വൻകിട സ്ഥാപനങ്ങൾക്ക് ടാങ്കറിൽ വെള്ളം വിറ്റ സംഭവം ഞെട്ടിക്കുന്നതാണ്. നഗരവാസികൾ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടി കഷ്ടപ്പെടുമ്പോൾ പുറത്ത് നഗരസഭ വെള്ളം വിറ്റ സംഭവം മനസാക്ഷിക്ക് നിരക്കാത്തതാണ്’’ – സുരേന്ദ്രൻ പറഞ്ഞു.