‘ഷംസീർ അങ്ങനെ പറയാൻ പാടില്ല’: കൂടിക്കാഴ്ച വിവാദത്തിൽ സ്പീക്കറെ തള്ളി ഡപ്യൂട്ടി സ്പീക്കർ
Mail This Article
തിരുവനന്തപുരം∙ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല. എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ല. അജിത്കുമാറിനെ അടിയന്തരമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്. അജിത്കുമാറിനെ സർക്കാർ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നത് പ്രധാനമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ട കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.