ലൈംഗിക പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി ജയസൂര്യയും ബാബുരാജും
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ ലൈംഗിക പീഡനക്കേസുകളില്‍ മുൻകൂർ ജാമ്യം തേടി നടന്മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യയ്‌ക്കെതിരായ കേസുകൾ. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്, ഈ മാസം 18ന് വിദേശത്തു നിന്നും മടങ്ങിവരും, കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ല എന്നിവ പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നാണ് ജയസൂര്യയുടെ ആവശ്യം.
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നും പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തീയതികളിലടക്കം വൈരുധ്യമുണ്ടെന്നും ജയസൂര്യ ഉന്നയിക്കുന്നു. പരാതിയിൽ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2011 ഡിസംബറിൽ അവസാനിച്ചതാണ്. എന്നാൽ പരാതിക്കാരി സമൂഹമാധ്യമങ്ങളിലടക്കം പറയുന്നത് 2012 ജനുവരി 1നും 2013നും ഇടയിലാണ് അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത് എന്നാണ്. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ടിട്ട് 13 വർഷം കഴിഞ്ഞിട്ടാണ് പരാതി ഉന്നയിക്കുന്നത്. ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണവുമായി പരാതിക്കാരി രംഗത്തുവന്നത് എന്നത് അവർക്കു മാത്രമേ അറിയൂ എന്നും ജയസൂര്യ പറയുന്നു.
അടിമാലി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ബാബുരാജ് മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബലം പ്രയോഗിച്ച് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 2018ലും 2019ലും താൻ പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാൽ ഇതിനിടയിലൊന്നും പരാതികൾ ഉന്നയിച്ചിട്ടില്ല. 2019 മുതൽ 2023 മുതൽ പരാതിക്കാരി അയച്ച വാട്സാപ് സന്ദേശങ്ങൾ ഉള്‍പ്പെടെ ഇതിനുള്ള തെളിവുകളാണ്. അവയെല്ലാം ഹാജരാക്കാൻ തയാറാണ്. മാത്രമല്ല, ആവശ്യഘട്ടങ്ങളിൽ പണം നല്‍കി സഹായിച്ചതിനും രേഖകളുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നുണ്ടായ സാഹചര്യം മുതലെടുക്കുകയാണ് പരാതിക്കാരി. അന്വേഷണവുമായി സഹരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ബാബുരാജ് ഹർജിയിൽ പറയുന്നു.