ADVERTISEMENT

തിരുവനന്തപുരം∙ ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്റെ ആരോപണത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് അടക്കം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സര്‍ക്കാര്‍വൃത്തങ്ങള്‍ ചെയ്തിരുന്നത്. അതിനിടെയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ ആയുധമാക്കി ഗവര്‍ണര്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

പി.വി.അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിന്റെ , എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും സർക്കാരിന് പുറത്തുള്ളവർക്ക് സ്വാധീനമുള്ള ചിലർ സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്നും കത്തിൽ ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. ഇവരുടെ സംഭാഷണങ്ങളിൽ നിന്നു തന്നെ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുമായുള്ള ബാന്ധവം ഉറപ്പാക്കുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ  ടെലിഫോൺ സംഭാഷണങ്ങൾ  പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ നിർദ്ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ്. സംസ്ഥാനത്ത് ഒരു എംഎൽഎ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടെലിഫോൺ സംഭാഷണങ്ങൾ  ചോർത്തിയതായ  പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ചില വ്യക്തികൾ അനധികൃതമായും നിയമവിരുദ്ധമായും സർക്കാരിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

English Summary:

Kerala Governor Demands Answers in Phone Tapping Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com