‘മാപ്പ്’ നോക്കി വീട്ടിലെത്താൻ മലയാളി; ഓണക്കാലത്തെ യാത്രയ്ക്ക് തിരിച്ചടിയായി ഹൈവേ നിർമാണം, ടിക്കറ്റ് പ്രതിസന്ധിയും രൂക്ഷം
Mail This Article
കോട്ടയം∙ ഓണത്തിന് നാട്ടിലേക്ക് എത്തിച്ചേരാനുള്ള പരക്കം പാച്ചിലിലാണ് മലയാളികൾ. മറുനാട്ടിൽനിന്നുള്ള യാത്രയ്ക്കായാലും കേരളത്തിനകത്തെ യാത്രയ്ക്കായാലും വലിയ പ്രതിസന്ധിയാണ് ഇക്കുറി. ബസുകളിലും മറ്റും ടിക്കറ്റ് നിരക്ക് വർധിച്ചതാണ് മലയാളികൾക്ക് ഓണത്തിന് നാട്ടിലേക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്ക് തടസം. ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തന്നെ വിറ്റുതീരുകയും ചെയ്തിരുന്നു.
ഗൂഗിൾ മാപ്പെടുത്ത് വച്ച് നാട്ടിലെത്താനുള്ള എളുപ്പവഴി തിരയുകയാണ് മലയാളികൾ. ദേശീയപാത 66ന്റെ നിർമാണം പുരോഗമിക്കുന്നതിനാല്‍ ഈ വഴി ഒഴിവാക്കേണ്ട അവസ്ഥയാണ്. ദേശീയപാതയ്ക്ക് ബദലായി എംസി റോഡും മലയോര ഹൈവേയും പരിഗണനയിലുണ്ടെങ്കിലും മലബാർ യാത്ര അപ്പോഴും ദുഷ്കരമാണ്. തൃശൂരിൽ നിന്ന് വടക്കോട്ടുള്ള യാത്രയ്ക്ക് പ്രധാനമായും ആശ്രയിക്കുന്ന റോഡുകളിലെല്ലാം വലിയ തിരക്കായിരിക്കും ഇക്കുറി ഓണത്തിന് അനുഭവപ്പെടുക. ഗൂഗിൾ മാപ്പിൽ തിരക്കില്ലാത്തതും നിർമാണ ജോലികൾ ഇല്ലാത്തതുമായ വഴികൾ തിരയുകയാണ് യാത്രക്കാർ.
ഗൂഗിൾ മാപ്പിലെ ഫീച്ചറുകളാണ് ഇതിനായി യാത്രക്കാർ ഉപയോഗിക്കുന്നത്. ട്രാഫിക് ഫീച്ചർ ഓൺ ചെയ്ത് ‘പച്ച’ തെളിഞ്ഞ വഴിയിലൂടെയുള്ള യാത്രയാണ് ഒട്ടു മിക്കവരും തിരഞ്ഞെടുക്കുന്നത്. നിർമാണ ജോലികൾ നടക്കുന്നിടവും ഗൂഗിൾ നേരത്തെ കാണിച്ചു തരുന്നതിനാൽ ആ വഴിയും ഇക്കുറി ഒഴിവാക്കാം.
കേരളത്തിനകത്തെ ‘ഓണപ്പാച്ചിൽ’ അതുകൊണ്ടും തീരില്ല. തിരിച്ച് ജോലി സ്ഥലത്തേക്കും മറ്റുമുള്ള യാത്രയ്ക്കും ഇതേ പ്രതിസന്ധിയിലാണ് നേരിടുന്നത്. കേരളത്തെ തെക്ക് – വടക്ക് ബന്ധിപ്പിച്ചിരുന്ന ദേശീയപാതയുടെ നിർമാണവും പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയും തന്നെയാണ് ഓണം കഴിഞ്ഞു വരുന്ന ആഴ്ചയിലും യാത്രക്കാരെ ബാധിക്കുക.
മറുനാടൻ മലയാളികൾക്കടക്കം വലിയ തിരിച്ചടിയായി മാറുകയാണ് ട്രെയിനിലെയും ബസുകളിലെയും ടിക്കറ്റ് പ്രതിസന്ധി. സർക്കാർ തലത്തിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ചെങ്കിൽ മാത്രമേ, ഓണക്കാലത്തെ ടിക്കറ്റ് കൊള്ളയ്ക്ക് ഒരു പരിധി വരെയെങ്കിലും തടയിടാൻ സാധിക്കുകയുള്ളൂ. റെയിൽവേയുടെ ഭാഗത്ത് നിന്ന് അവസാന നിമിഷം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുമോയെന്ന് കാത്തിരിക്കുകയാണ് ബെംഗളുരു, ചെന്നൈ പോലുള്ള നഗരങ്ങളിലെ മലയാളികൾ.