കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരൻ; യച്ചൂരിയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Mail This Article
തിരുവനന്തപുരം∙ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യച്ചൂരിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണു നിര്യാണ വാർത്ത കേട്ടത്. വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം 9 വർഷക്കാലം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു’’– മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിയുടെ നേതൃപദവികളിലിരുന്നു കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ രാഷ്ട്രീയത്തിനാകെത്തന്നെയും മാർഗനിർദ്ദേശകമാവിധം സീതാറാം പ്രവർത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിനു നികാത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സ്നേഹിക്കുകയും പാർട്ടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി ഏറെ സഹായിക്കുകയും ചെയ്ത ഉന്നതനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് യച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. യച്ചൂരിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റി വയ്ക്കും. ശനിയാഴ്ച വൈകിട്ടു നാലിനു ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും.
അതേസമയം വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ചു ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറൽ സെക്രട്ടറിയായി 9 വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളിൽ അടിയുറച്ച് നിൽക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.