യച്ചൂരി: കമ്യൂണിസത്തിന്റെ ‘ബാബു’, വിഎസിന്റെ സഖാവ്; ഇന്ദിരയ്ക്കുനേരെ മുഷ്ടി ചുരുട്ടിയ തീപ്പൊരി
Mail This Article
അടുപ്പക്കാർ ബാബു എന്ന ഓമനപ്പേരാണു വിളിച്ചിരുന്നത്. യച്ചൂരി സീതാരാമ റാവു എന്ന ബാബു, പേരിൽനിന്നു ജാതിവാൽ മുറിച്ചുമാറ്റിയാണു സീതാറാം യച്ചൂരിയെന്ന ജനകീയ സഖാവായത്. മകൻ എൻജിനീയറാവണം എന്നായിരുന്നു അച്‌ഛന്റെ ആഗ്രഹം. ഡോക്‌ടറാവണമെന്ന് അമ്മയും, അമ്മയുടെ സഹോദരനെപ്പോലെ ഐഎഎസുകാരൻ ആവണമെന്നു മുത്തച്‌ഛനും പറഞ്ഞു. എന്നാൽ, കുടുംബത്തിന്റെ ഭൂരിപക്ഷത്തെ തോൽപ്പിച്ച് തന്റെ ഇഷ്ടപക്ഷമായി ഇക്കണോമിക്‌സ് പഠിക്കാനായിരുന്നു യച്ചൂരിയുടെ തീരുമാനം. ആ പഠനകാലമാണു കമ്യൂണിസത്തിലേക്കു വഴിതുറന്നതും.
കറതീർന്ന കമ്യൂണിസ്റ്റുകാരനാണെങ്കിലും ഏതു മതത്തിന്റെയും ആചാരാനുഷ്‌ഠാനങ്ങളെക്കുറിച്ചു യച്ചൂരി നന്നായി സംസാരിക്കും. അച്‌ഛനാണു മതവഴികളിലൂടെ ആദ്യം കൊണ്ടുപോയത്. ഇന്ത്യയിലെ എല്ലാ പ്രധാന ആരാധനാലയങ്ങളും ചെറുപ്പത്തിലേ സന്ദർശിച്ചു. പതിനൊന്നാം വയസ്സിൽ ഉപനയനം. അഷ്‌ടാവധാനലു എന്ന ആ ശിക്ഷണ രീതിയുടെ ഭാഗമായി 8 വേദപണ്ഡിതമാർ നിരന്നിരുന്ന് ഒരു മണിക്കൂർ ചോദ്യങ്ങൾ ചോദിക്കും. ഈ സമയത്തിനിടെ എത്ര തവണ മണി മുഴങ്ങി എന്ന ചോദ്യത്തിനുംകൂടി കൃത്യമായ മറുപടി പറയുമ്പോഴാണു വിജയിക്കുക. ഒരേ സമയം പല വിഷയങ്ങളിൽ ശ്രദ്ധിക്കാനും മനസ്സിന്റെ ജാഗ്രത കൈവിടാതെ സൂക്ഷിക്കാനും ഈ പരിശീലനം ജീവിതകാലം മുഴുവൻ യച്ചൂരിക്കു കൂട്ടായി.
വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12ന് ചെന്നൈയിലാണു യച്ചൂരി ജനിച്ചത്. അച്‌ഛന്റെ അച്‌ഛൻ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്‌ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്‌ജിയും. ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലാണു യച്ചൂരി സ്‌കൂൾ പഠനം തുടങ്ങിയത്.
ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലംമാറ്റങ്ങൾക്കൊപ്പം സ്‌കൂളുകളും മാറി. വിജയവാഡയിൽ റയിൽവേ സ്‌കൂളിലും ഹൈദരാബാദിലെ ഓൾ സെയിന്റ്‌സ് സ്‌കൂളിലും പഠിച്ചു. ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴായിരുന്നു തെലങ്കാന പ്രക്ഷോഭം. ആന്ധ്രയിലെപോലെ കേന്ദ്രത്തിലും ഹെൽത്ത് ട്രാൻസ്‌പോർട്ട് ഓർഗനൈസേഷൻ ഉണ്ടാക്കാൻ സോമയാജലുവിനെ കേന്ദ്രം ക്ഷണിച്ചു. കുടുംബസമേതം സോമയാജലു ഡൽഹിക്ക്. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളിൽ യച്ചൂരി ഹയർ സെക്കൻഡറി കോഴ്‌സിൽ ശാസ്‌ത്ര വിഷയങ്ങളും കണക്കും പഠിച്ചു. ഓൾ ഇന്ത്യ ഫസ്‌റ്റ് റാങ്കും നേടി.
സെന്റ് സ്‌റ്റീഫൻസിലാണു യച്ചൂരി ഇക്കണോമിക്സ് ബിരുദപഠനത്തിന് ചേർന്നത്. സ്‌റ്റീഫൻസിന്റെ ഭിത്തിയിലാണ് എസ്‌എഫ്‌ഐ രൂപീകരണത്തിന്റെ പോസ്‌റ്റർ യച്ചൂരി വായിച്ചതും. നേരത്തേ ഒസ്‌മാനിയ സർവകലാശാലയിൽ ജോർജ് റെഡ്‌ഡിയുടെ പ്രസംഗങ്ങൾ കേട്ടിട്ടുള്ളതല്ലാതെ, രാഷ്‌ട്രീയവും കമ്യൂണിസവും പരിചയമില്ലായിരുന്നു. സ്‌റ്റീഫൻസിലെ അധ്യാപകൻ പങ്കജ് ഗാംഗുലി മാർക്‌സിസ്‌റ്റ് തത്വശാസ്‌ത്രത്തിലേക്കു കൈപിടിച്ചു. ബിരുദം ഒന്നാം ക്ലാസോടെ പാസായ യച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ തുടർപഠനത്തിനെത്തി. 150 വിദ്യാർഥികളുള്ള ക്ലാസും മൈക്കിലൂടെ സംസാരിക്കുന്ന അധ്യാപകരെയും കണ്ടപ്പോൾ മടുപ്പായി. അങ്ങനെയാണു ജെഎൻയുവിൽ അപേക്ഷിച്ചത്. അവിടെ എംഎ ഇക്കണോമിക്സിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായി.
ജെഎൻയു ആണു യച്ചൂരിയിലെ സഖാവിനെ ചെത്തിമിനുക്കിയത്. പ്രകാശ് കാരാട്ടിനെ പരിചയപ്പെടുന്നത് ഇക്കാലത്താണ്. യൂണിവേഴ്‍സിറ്റിയിൽ കാരാട്ടിനു വോട്ടുതേടി യച്ചൂരി തന്റെ കന്നി രാഷ്‌ട്രീയപ്രസംഗം നടത്തി. കാരാട്ട് ജെഎൻയു യൂണിയൻ അധ്യക്ഷനായതിനു പിന്നാലെ യച്ചൂരി എസ്‌എഫ്‌ഐയിലും ചേർന്നു. പിന്നീട് 3 തവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനുമായി. അടിയന്തരാവസ്‌ഥയിൽ ജെഎൻയു തിളച്ചുമറിയുന്ന കാലത്ത് പ്രക്ഷോഭത്തിന്റെ മുന്നിൽനിന്നു ജയിലിലുമായി. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിൽ തോറ്റിട്ടും ജെഎൻയു ചാൻസലറായി തുടരുന്നതിനെതിരെ ഇന്ദിര ഗാന്ധിയുടെ വസതിക്കു മുന്നിൽ അവരുടെ സാന്നിധ്യത്തിൽ പ്രതിഷേധിക്കുന്ന യച്ചൂരിയുടെ ചിത്രവും പ്രശസ്തമായി.
1984ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്‌ഥിരം ക്ഷണിതാവുമായി. പിറ്റേവർഷം കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ മൂവരും പൊളിറ്റ്ബ്യൂറോയിലെത്തി. 2005ൽ ബംഗാളിൽനിന്നാണു യച്ചൂരി ആദ്യമായി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന അംഗമെന്നു പേരെടുത്തു. പോർമുഖം തുറന്നു സർക്കാരിനെ നിരന്തരം സമ്മർദത്തിലാക്കി. 2017 വരെ രാജ്യസഭാംഗമായി. ഇന്ത്യയുടെ വൈവിധ്യത്തെ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നു രാജ്യസഭയിലെ യാത്രയയപ്പിൽ യച്ചൂരി ഓർമിപ്പിച്ചു. ‘‘അയഥാര്‍ഥ ലോകത്താണു ഭരണാധികാരികള്‍ കഴിയുന്നത്. അവര്‍ ഇന്ത്യയുടെ ആഭ്യന്തരക്കരുത്ത് മനസ്സിലാക്കണം. ഇന്ത്യയുടെ ഐക്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല.’’– യച്ചൂരിയുടെ വാക്കുകൾ.
പാർട്ടിയിൽ കേരളപക്ഷം പിടിമുറുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച യച്ചൂരി ഒരിക്കൽ പറഞ്ഞു, സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്) എന്നാണെന്ന് ആരും കരുതേണ്ട! ജനങ്ങളോടു ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തിരുത്തണം. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി ഇഴുകിച്ചേരണമെന്നും വ്യക്തമാക്കി. കേരളത്തിന്റെ വിപ്ലവ സൂര്യനായ വി.എസ്.അച്യുതാനന്ദനുമായി യച്ചൂരിക്കു നല്ല അടുപ്പമാണ്. 4 പതിറ്റാണ്ടു മുൻപു പരിചയപ്പെട്ടതാണ് ഇരുവരും. 29 വർഷത്തെ പ്രായവ്യത്യാസമുള്ള കൂട്ടുകെട്ട് രാഷ്ട്രീയ കൊടുങ്കാറ്റുകൾ സൃഷ്ടിച്ചു. യച്ചൂരി വിഎസ് പക്ഷത്തും, വിഎസ് യച്ചൂരി പക്ഷത്തും നിലകൊണ്ടു. 2016ൽ, പിണറായി വിജയനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ, വിഎസ് കേരളത്തിന്റെ ഫിദൽ കാസ്ട്രോ ആണെന്നു പറഞ്ഞതും യച്ചൂരിയാണ്.
നാടിന്റെ വൈവിധ്യത്തിൽ അഭിമാനിക്കാനും ഇതു ചൂണ്ടിക്കാട്ടി ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കാനും യച്ചൂരി മടിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദിയെ കണ്ണൂരിലെ മാടായിക്കാവിലേക്കു ക്ഷണിച്ച് പറഞ്ഞു: ‘‘ഇവിടെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്നു മോദിച്ചു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള നാടാണിത്. ആ വൈവിധ്യം നിലനിർത്തണം’’.
2015ൽ വിശാഖപട്ടണത്തു നടന്ന 21–ാം പാർട്ടി കോൺഗ്രസിലാണു യച്ചൂരി സിപിഎമ്മിന്റെ അഞ്ചാം ജനറൽ സെക്രട്ടറിയായത്. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും 2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിലും പദവി നിലനിർത്തി. കലാലയകാലം മുതലുള്ള ചങ്ങാതിയായ കാരാട്ടിനെപ്പോലെ (2005–2015) യച്ചൂരിയും മൂന്നുവട്ടം സിപിഎമ്മിനെ നയിച്ചു. 2025ൽ തമിഴ്‌നാട്ടിലെ മധുരയിൽ 24-ാം പാർട്ടി കോൺഗ്രസ് നടക്കാനാരിക്കെയാണു സിപിഎമ്മിനു പടനായകനെ നഷ്ടമാകുന്നത്. ‘‘ഉത്തമ കമ്യൂണിസ്‌റ്റായി ആരുമില്ല. എല്ലാവർക്കും അവരവരുടേതായ കഴിവുകളും പോരായ്‌മകളുമുണ്ടാവും. നല്ല കമ്യൂണിസ്റ്റ് എന്ന പ്രയോഗമാണു ശരി. നല്ല കമ്യൂണിസ്റ്റാവുകയെന്നത് ജീവിതകാലം മുഴുവനുള്ള പോരാട്ടമാണ്’’– യച്ചൂരിയുടെ വാക്കുകൾ സഖാക്കൾക്ക് എന്നേക്കുമുള്ള ഓർമപ്പെടുത്തലാണ്.