‘കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ’: അടുത്തിരുത്തി അന്ന് യച്ചൂരി വിഎസിനെ വിളിച്ചു, ഹൃദയം തൊട്ട സൗഹൃദം
Mail This Article
തിരുവനന്തപുരം∙ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വിവരമറിയുമ്പോൾ ഏറ്റവുമധികം വേദനിക്കുന്നതു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആയിരിക്കും. കാരണം, പ്രായമോ ഭാഷയോ ഒരിക്കലും തടസമാകാത്തത്ര ആഴത്തിലുള്ള ആത്മബന്ധവും ഇഴയടുപ്പവുമുള്ള കൂട്ടുകെട്ടായിരുന്നു അവരുടേത്. ഏതാണ്ട് നാലു പതിറ്റാണ്ടോളം നീളുന്ന സൗഹൃദമാണ് വിഎസും സീതാറാം യച്ചൂരിയും തമ്മിലുണ്ടായിരുന്നത്. പ്രായാധിക്യത്തിന്റെ തടസമുണ്ടായിരുന്നില്ലെങ്കില്‍ യച്ചൂരിയുടെ ആരോഗ്യനിലയറിഞ്ഞ് ആദ്യം ഡല്‍ഹിയില്‍ പറന്നെത്തുക വിഎസ് ആകുമായിരുന്നു. അടുത്തിരുന്നു കൈപിടിച്ച് വിഎസ് വിളിച്ചാല്‍ അബോധത്തിലും യച്ചൂരിയുടെ മനസ് പ്രിയസുഹൃത്തിനെ അറിഞ്ഞേനെ. ഇരുവരും തമ്മിലുള്ള ആത്മബന്ധം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയത്തിന് അപ്പുറമുള്ള ഇഷ്ടമായിരുന്നു അവര്‍ തമ്മില്ലെന്നും വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. യച്ചൂരിയുടെ വിയോഗം തികച്ചും അപ്രതീക്ഷിതമായെന്നും അരുണ്‍കുമാര്‍ പറഞ്ഞു
''അച്ഛന് വലിയ ആത്മബന്ധം ഉണ്ടായിരുന്നു യെച്ചൂരി സഖാവിനോട്. രാഷ്ട്രീയത്തിന് അപ്പുറം അത്തരം ആത്മബന്ധങ്ങള്‍ വളരെ കുറച്ച് ആളുകളോട് മാത്രമാണ് ഉണ്ടായിരുന്നത്. അത്തരത്തില്‍ വ്യക്തിപരമായ ഒരു അടുപ്പമാണ് അവര്‍ തമ്മിലുണ്ടായിരുന്നത്. യച്ചൂരി സഖാവ് പല തവണ വീട്ടില്‍ വന്നിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെയാണ് പെരുമാറിയിരുന്നത്. ഭക്ഷണമൊക്കെ കഴിച്ചാണു മടങ്ങിയിരുന്നത്. പണ്ടു മുതലേ അച്ഛന് ഇഷ്ടമുള്ള ആളായിരുന്നു. അദ്ദേഹത്തിനു തിരിച്ചും. അച്ഛന് വയ്യാതിരിക്കുന്ന സമയത്ത് കൃത്യമായി ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. പല പ്രാവശ്യം വീട്ടില്‍ വന്നു കണ്ടിരുന്നു. മിക്കപ്പോഴും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കും. സമ്മേളനങ്ങള്‍ക്ക് അച്ഛന്റെ കൂടെ പോകുമ്പോഴാണ് അവര്‍ തമ്മിലുള്ള വ്യക്തിപരമായ അടുപ്പം മനസിലാകുന്നത്. ഇഷ്ടമുള്ള ആളുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇഴയടുപ്പം നമുക്ക് അറിയാന്‍ കഴിയുമല്ലോ. അച്ഛന്റെ ആരോഗ്യകാര്യത്തില്‍ വലിയ താല്‍പര്യമാണ് പ്രകടിപ്പിച്ചിരുന്നത്. ഹൈദരാബാദ് കോണ്‍ഫറന്‍സിന് ഞാനും ഒപ്പം പോയിരുന്നു. അവിടെ ചെല്ലുമ്പോള്‍ അച്ഛന്റെ ആരോഗ്യകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു. അച്ഛന്റെ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ ആണെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു സ്‌നേഹവും കരുതലുമാണ് ഉണ്ടായിരുന്നത്. കുടുംബപരമായും നല്ല ബന്ധമായിരുന്നു. ഡല്‍ഹിയില്‍ പോയി യച്ചൂരി സഖാവിന്റെ മകന്റെ വിവാഹത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വല്ലാത്ത ഞെട്ടലായി. തികച്ചും അപ്രതീക്ഷിതമായിപ്പോയി. ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോള്‍ മെസേജ് അയച്ചിരുന്നു. ഗെറ്റിങ് ബെറ്റര്‍ എന്നു മറുപടി നല്‍കി. അതു കഴിഞ്ഞ് നന്നായി വരികയും ചെയ്തു. പിന്നീടാണ് പെട്ടെന്ന് ചുമയും മറ്റും വന്ന് വീണ്ടും ആരോഗ്യസ്ഥിതി മോശമായത്.'' - അരുണ്‍കുമാര്‍ പറഞ്ഞു.
രാഷ്ട്രീയപോരാട്ടങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വിഎസിന്റെ ഡല്‍ഹിയിലെ പിടിയായിരുന്നു യച്ചൂരി. ഒരു കാലത്ത് സിപിഎം അടക്കിവാണിരുന്ന ബംഗാള്‍ ഘടകത്തിന്റെ പിന്തുണയായിരുന്നു യച്ചൂരിയിലൂടെ വിഎസിന്റെ കരുത്തായി മാറിയിരുന്നത്. ഡല്‍ഹിയില്‍ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തില്‍ വിഎസ് യച്ചൂരി പക്ഷത്തും. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തിനിന്ന കാലത്ത് പാളയത്തിലെ എതിരാളികള്‍ക്കെതിരെ അതിശക്തമായ നിലപാടുകള്‍ എടുക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ യച്ചൂരിയുടെ പിന്തുണയുണ്ടാകുമെന്ന മുന്‍വിധി നിറഞ്ഞ ആത്മവിശ്വാസം വിഎസിനുണ്ടായിരുന്നു.
ഒടുവില്‍ 2016ല്‍ വിഎസ്സിന് അത്രമേല്‍ കടുപ്പമല്ലാത്ത ഒരു വിടവാങ്ങലിനു കളമൊരുക്കാനും പ്രിയസുഹൃത്തായ യച്ചൂരിയുടെ സ്‌നേഹപൂര്‍ണമായ ഇടപെടല്‍ തന്നെയാണു കാരണമായത്. 2016ല്‍ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വിഎസിനെ അടുത്തിരുത്തിക്കൊണ്ടാണ്, വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണെന്ന് യച്ചൂരി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയാവേണ്ടതില്ലെന്ന് അതിനു മുന്‍പ് വിഎസിനോട് യച്ചൂരിക്കു പറയാന്‍ കഴിഞ്ഞതും ഹൃദയം തൊട്ട സൗഹൃദം കൊണ്ടായിരുന്നു. പ്രിയസുഹൃത്തു പറഞ്ഞതുകൊണ്ടാണ് വിഎസ് അത് ചെവിക്കൊണ്ടതും കാസ്‌ട്രോയെന്ന വിളിയില്‍ സന്തോഷിച്ചതും.
29 വയസ്സിന്റെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. എന്നിട്ടും നാലു പതിറ്റാണ്ടു മുമ്പ് പരിചയപ്പെട്ടവര്‍ തമ്മിലുള്ള ബന്ധം അത്രമേല്‍ ആഴത്തിലുള്ളതായി. എണ്‍പതുകളില്‍ കൊല്ലത്ത് എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളന വേദിയില്‍ വച്ചാണ് യച്ചൂരി വിഎസിനെ ആദ്യമായി പരിചയപ്പെടുന്നത്. വിഎസിനായിരുന്നു സ്റ്റുഡന്റ്‌സ് ഫ്രണ്ടിന്റെ ചുമതല. ഇംഗ്ലീഷിലും തമിഴിലുമായിരുന്നു ആശയവിനിമയം. പിന്നീട് 1984 മുതല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ഒരുമിച്ചെത്തി. പിറ്റേവര്‍ഷം കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ എം.വി.രാഘവന്റെ ബദല്‍രേഖ വിഷയം സജീവമായി വന്നു. ലീഗുമായി ബന്ധം വേര്‍പ്പെടുത്തിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് എത്തണമെന്ന് വിഎസ് യച്ചുരിയോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ടാഴ്ചയോളം കേരളത്തില്‍ തുടരുമ്പോഴാണ് വിഎസുമായി ഏറെ സമയം ചെലവഴിച്ച് സൗഹൃദം ശക്തമായത്.
തുടര്‍ന്ന് 1987ല്‍ മുതിര്‍ന്ന നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം ഇരുവരും നടത്തിയ വിദേശയാത്രയോടെ കൂടുതല്‍ അടുത്തു. മോസ്‌കോയും മംഗോളിയയും സന്ദര്‍ശിച്ചു. സുര്‍ജിത്തിന്റെ വാക്കുകളാണ് വിഎസിനോടു കൂടുതല്‍ അടുക്കാന്‍ കാരണമെന്ന് യച്ചൂരി തന്നെ പറഞ്ഞിട്ടുണ്ട്. അടിസ്ഥാന വര്‍ഗങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന സഖാക്കളെ പരിപോഷിപ്പിക്കണമെന്നു നിര്‍ദേശിച്ചത് സുര്‍ജിത്താണ്. അദ്ദേഹമാണ് വിഎസിനെയും ബാലാനന്ദനെയും ഞങ്ങള്‍ക്കു കാട്ടിത്തന്നത്. ഇരുവരോടും ഞങ്ങള്‍ക്കു ബഹുമാനം തോന്നി. പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ അവര്‍ വളരെ ഷാര്‍പ്പും കറക്ടുമായിരുന്നുവെന്നും യച്ചൂരി പറഞ്ഞിരുന്നു. വിഎസ് ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുകയും വളര്‍ന്നുവരികയും ചെയ്ത സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉടലെടുത്ത ബഹുമാനവും യച്ചൂരി എന്നും പുലര്‍ത്തിയിരുന്നു.
തന്റെ പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങള്‍ കണ്ടറിഞ്ഞ് വിഎസ് സ്വയം രൂപപ്പെടുത്തിയ അഭിപ്രായമാകാം തന്നോടുണ്ടായിരുന്ന രാഷ്ട്രീയപരമായ അടുപ്പമെന്നും യച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. 1992 ല്‍ പ്രത്യയശാസ്ത്ര രേഖ തയാറാക്കിയതു യച്ചൂരിയായിരുന്നു. പൊളിറ്റ് ബ്യൂറോയില്‍ ഒട്ടേറെ തവണ ചര്‍ച്ച നടന്നു. പതിമൂന്നു തവണ കരടുണ്ടാക്കി. അതിനുശേഷമാണ് കേന്ദ്ര കമ്മിറ്റിയിലേക്കു വിട്ടത്. അന്നൊക്കെ വിഎസും ബാലാനന്ദനുമൊക്കെ യച്ചൂരിയുടെ നിലപാടുകളെ പിന്തുണച്ചു. പിന്നീട് പാര്‍ട്ടിയില്‍ ഓരോ പടി കയറുമ്പോഴും ആത്മബന്ധത്തിന്റെ ഇഴയടുപ്പം നഷ്ടമാകാതെ കാക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു.