ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; ലോഹവളകൊണ്ട് ഇടിച്ചു, കത്തികൊണ്ട് കുത്തി
Mail This Article
കോഴിക്കോട് ∙ ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ഒരു സംഘം ആളുകൾ പ്രൊഡക്‌ഷൻ മാനേജരെ ക്രൂരമായി മർദിച്ചു. പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗസംഘം മലാപ്പറമ്പിന് സമീപം ആക്രമണം നടത്തിയത്.
അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ജിബു പറയുന്നു. ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികിൽ വച്ചാണ് മർദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതെന്ന് ജിബു പറഞ്ഞു. ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വെള്ളിമാട് കുന്നിൽ വെളിച്ചെണ്ണ മില്ലിന് സമീപമാണ് നടക്കുന്നത്.