‘ഭീകരരുമായി രാഹുൽ ചർച്ച നടത്തിയാലും അദ്ഭുതമില്ല: സംവരണം നിർത്തുമെന്ന പരാമർശം തിരിച്ചടി’
Mail This Article
ബെംഗളൂരു ∙ യുഎസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകളെയും പരാമർശങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി എംപി തേജസ്വി സൂര്യ. ഏതെങ്കിലും ഭീകരരുമായി രാഹുൽ ചർച്ച നടത്തിയാലും അദ്ഭുതപ്പെടാനില്ലെന്ന് തേജസ്വി സൂര്യ ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
‘‘സംവരണം നിർത്തലാക്കുമെന്ന ലോക്സഭാ പ്രതിപക്ഷനേതാവിന്റെ പരാമർശം വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. അദ്ദേഹം ആരുമായൊക്കെയാണ് കൂടിക്കാഴ്ച നടത്തിയതെന്നത് അതിനേക്കാൾ ഞെട്ടലുണ്ടാക്കുന്നു. ഇൽഹർ ഒമറിനെപ്പോലെയുളള ഇന്ത്യാവിരുദ്ധരെയാണ് അദ്ദേഹം കണ്ടത്. അതുകൂടാതെ ഖലിസ്ഥാൻ, പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് ഏജന്റുമാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. ഇനിയൊരു ദിവസം ഏതെങ്കിലും ഭീകരനുമായി അദ്ദേഹം ചർച്ച നടത്തിയാലും അദ്ഭുതപ്പെടാനില്ല.’’–തേജസ്വി പറഞ്ഞു.
രാജ്യം ന്യായയുക്തമാകുമ്പോൾ സംവരണ സംവിധാനം ഇല്ലാതാക്കുമെന്ന രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെയായിരുന്നു തേജസ്വിയുടെ പ്രതികരണം.