ചരിത്രം കുറിക്കാൻ കണ്ടെയ്നര്‍ ഭീമൻ എംഎസ്സി ക്ലോഡ് ഗ്രാര്‍ഡെറ്റ് വിഴിഞ്ഞത്ത്; വലുപ്പത്തില്‍ ലോകത്തെ നാലാമൻ
Mail This Article
തിരുവനന്തപുരം∙ രാജ്യാന്തര തുറമുഖത്തെ ബെര്‍ത്ത് കയ്യടക്കി ചരിത്രം കുറിക്കാന്‍ കണ്ടെയ്നര്‍ ഭീമന് എംഎസ്സി ക്ലോഡ് ഗ്രാര്‍ഡെറ്റ് വിഴിഞ്ഞത്ത് എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് കപ്പല്‍ ബെര്‍ത്ത് ചെയ്തത്. രാജ്യത്തുതന്നെ ഇതുവരെ അടുത്തതില്‍ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലെന്ന നിലയ്ക്കാണ് എംഎസ്സി ക്ലോഡ് ഗ്രാര്‍ഡെറ്റ് ചരിത്രം കുറിക്കുക. വലുപ്പത്തില്‍ ലോകത്തെ നാലാമനാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇത്രയും വലുപ്പമേറിയ കപ്പല്‍ അടുക്കുന്നതെന്നതും പ്രത്യേകതയാണ്.
24,116 ടിഇയു കണ്ടെയ്നര്‍ ശേഷിയുള്ള ക്ലോഡ് ഗ്രാര്‍ഡെറ്റിന് 399 മീറ്ററാണ് നീളം. വീതി 61.5 മീറ്റര്‍. വിഴിഞ്ഞത്ത് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള കപ്പലുകളാണ് ഇതുവരെ അടുത്തതില്‍ വലുപ്പമേറിയത്. ആഴത്തിന്റെ (ഡ്രാഫ്ട്) കാര്യത്തിലും ക്ലോഡ് ഗാര്‍ഡെറ്റ് തന്നെയാണ് മുന്നില്‍,16.7 മീറ്റര്‍. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യഘട്ടത്തിലെ 800 മീറ്റര്‍ ഏകദേശം പൂര്‍ത്തിയായി. ഇതിന്റെ പകുതി ഭാഗവും ക്ലോഡ് ഗ്രാര്‍ഡെറ്റ് കയ്യടക്കും. ക്ലോഡ് ഗാര്‍ഡെറ്റ് വിഴിഞ്ഞത്ത് തങ്ങുക ഏതാനും മണിക്കൂറുകള്‍ മാത്രമാകും. ഏതാനും കണ്ടെയ്നറുകള്‍ ഇറക്കുന്നതു കൂടാതെ ഇവയുടെ പുനഃക്രമീകരണം കഴിഞ്ഞു വൈകിട്ടോടെ യാത്രയാവും.
രാജ്യാന്തര തുറമുഖത്ത് മറൈന്‍ കണ്ട്രോള് റൂം സജ്ജമായി. പ്രവേശന ഭാഗം കഴിഞ്ഞുള്ള ബ്രേക്വാട്ടറിനു (പുലിമുട്ട്) മുകളിലായാണ് ലൈറ്റ് ഹൗസ് ടവറിനു സമാനമായ കണ്ട്രോള് റൂം സംവിധാനം. ഇതിനോടനുബന്ധിച്ച സിഗ്നല്‍ ടവര്‍ ബ്രേക്വാട്ടര്‍ വളയുന്ന ഭാഗത്തും സജ്ജമാക്കിയിട്ടുണ്ട്. വെസല്‍ ട്രാക്കിങ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ(വിടിഎംഎസ്) ഭാഗമായാണ് കണ്ട്രോള് റൂം എന്നു തുറമുഖ അധികൃതര്‍ അറിയിച്ചു. തുറമുഖ പരിധിക്കുള്ളിലും സമീപത്തുമായി വന്നുപോകുന്ന കപ്പലുകളുള്‍പ്പെടെയുള്ള യാനങ്ങളുടെ നിരീക്ഷണമാണ് ലക്ഷ്യം. ടവറിനു മുകളില്‍ റഡാര്‍ താഴെ കണ്ട്രോള് റൂം അനുബന്ധ സന്നാഹങ്ങള്‍, ഓപ്പറേഷന് ജീവനക്കാര്‍ എന്നിവയുണ്ടാവും.