ADVERTISEMENT

പുരോഗമനം വാക്കുകളിൽ മാത്രമല്ല, ജീവിതത്തിലും പ്രവൃത്തിയിലും വേണമെന്നു കരുതുന്നവരാണ് ബംഗാളിലെ സിപിഎം നേതാക്കൾ. ബംഗാളിൽ‌നിന്നുള്ള, ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളായ ജ്യോതി ബസുവും സോമനാഥ് ചാറ്റർജിയും ബുദ്ധദേവ് ഭട്ടാചാര്യയുമെല്ലാം മരണശേഷം തങ്ങളുടെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ മഹാമനസ്കത കാണിച്ചവരാണ്. അതേ പാതയാണ് ബംഗാളുകാരനല്ലെങ്കിലും സീതാറാം യച്ചൂരിയും സ്വീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം മൃതദേഹങ്ങൾ പഠനത്തിനായി ലഭിക്കുന്ന സംസ്ഥാനമാണ് ബംഗാൾ. ഇതുവരെ നാലായിരത്തോളം മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.

2004 ൽ ലോക്സഭാ സ്പീക്കറാകുന്നതിന് ഒരു വർഷം മുൻപുതന്നെ, തന്റെ മരണശേഷം ശരീരം പഠനത്തിനു വിട്ടുനൽകാൻ സോമനാഥ് ചാറ്റർജി തീരുമാനിച്ചിരുന്നു. ഇതിനായി സത്യവാങ്മൂലവും എഴുതി നൽകി. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയാണ് അദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കോർണിയം കൊൽക്കത്തയിലെ  റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് നൽകിയത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം എൻആർഎസ് ആശുപത്രിക്കാണ് പഠനത്തിനായി നൽകിയത്.

ജ്യോതി ബസുവെന്ന അദ്ഭുതം

ജ്യോതി ബസുവിന്റെ മസ്തിഷ്കം ഗവേഷണത്തിനായി വിട്ടുകിട്ടാന്‍ പ്രമുഖ ന്യൂറോ സയന്‍സ് ഗവേഷണകേന്ദ്രമായ നിംഹാന്‍സ് (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) മുന്നോട്ടു വന്നിരുന്നു. ബസുവിന്റെ മസ്തിഷ്ക ഘടനയില്‍നിന്നു വിലപ്പെട്ട വിവരങ്ങള്‍ കിട്ടും എന്നുള്ള പ്രതീക്ഷയായിരുന്നു ഇതിനുപിന്നിൽ. തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഊര്‍ജസ്വലനായിരുന്ന ബസുവിന്റെ മസ്തിഷ്കം. അത്യപൂര്‍വ സജീവത പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു നിംഹാന്‍സിലെ വിദഗ്ധരുടെ വിലയിരുത്തല്‍. പക്ഷേ ബസുവിന്റെ ഭൗതികദേഹം വൈദ്യപഠനത്തിനു വിട്ടുകിട്ടിയത് കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിനായിരുന്നു.

കൂട്ടത്തിൽ ബിമൻ ബോസും

ബംഗാളിലെ മുതിർന്ന സിപിഎം നേതാവ് ബിമൻ ബോസും മൃതശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിട്ടുണ്ട്. ഇടതുമുന്നണി മുൻ ചെയർമാൻ അനിൽ ബിശ്വാസിന്റെയും മുൻ മന്ത്രി ബിനോയ് ചൗധരിയുടെയും മൃതദേഹം പഠനത്തിനായി വിട്ടുനൽകിയിരുന്നു.

കേരളത്തിൽ ജോസഫൈൻ

തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനായി വിട്ടു നൽകണമെന്ന് സിപിഎം നേതാവും വനിതാ കമ്മിഷൻ ചെയർപഴ്സനുമായ എം.സി. ജോസഫൈൻ ആഗ്രഹിച്ചിരുന്നു. 2022 ൽ പാർട്ടി കോൺഗ്രസ് വേദിയിൽവച്ചാണ് ജോസഫൈൻ കുഴഞ്ഞുവീണതും പിന്നീട് അന്തരിച്ചതും. കേരളത്തിൽ സാമൂഹിക, സാംസ്കാരിക മേഖലകളിൽ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകിയവർ ചുരുക്കമാണ്. എന്നാൽ അവയവദാനം ധാരാളം നടക്കുന്നുണ്ട്. മുൻ ചീഫ് സെക്രട്ടറി സി.പി.നായർ ഉൾപ്പെടെയുള്ളവർ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ അനുമതി നൽകിയിരുന്നു.

മൃതദേഹ പഠനം ഇങ്ങനെ

മൃതദേഹത്തിൽ അണുബാധയുണ്ടാകാതിരിക്കാൻ രാസ ദ്രാവകങ്ങല്‍ പുരട്ടി, പൂജ്യം ഡിഗ്രിയിലും താഴ്ന്ന താപനിലയില്‍ സൂക്ഷിക്കും. അത് പിന്നീട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കും. എംഡി, എംബിബിഎസ്, നഴ്സിങ്, പാരാമെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിനായി ശരീരം കീറിമുറിച്ചു നിരീക്ഷിക്കും. എല്ലുകളും അവയവങ്ങളും സൂക്ഷിക്കും. തൊലി പൊള്ളലേറ്റവർക്കായുള്ള ചികിത്സക്കായി ഉപയോഗിക്കാം. അസ്ഥികൂടവും ഭദ്രമായിരിക്കും.

English Summary:

Legacy of Generosity: CPM Leaders in Bengal Champion Body Donation for Medical Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com