ന്യൂഡൽഹി ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വിടനൽകി തലസ്ഥാന നഗരി. മൃതദേഹം ഡൽഹി എയിംസ് അധികൃതർക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയ നേതാവിനെ അവസാനമായി കാണാൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എകെജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തിരുന്നു.
മൂന്നു തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് സീതാറാം യച്ചൂരിയെ എത്തിച്ചു. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ മുദ്രാവാക്യങ്ങൾ മുഴങ്ങി. വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്കു പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.
ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റി. വ്യാഴം ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകുന്നത്. 2015 മുതൽ തുടർച്ചയായി 3 തവണ പാർട്ടി ജനറൽ സെക്രട്ടറിയായി. പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറിയാണ്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.