ADVERTISEMENT

കോട്ടയം ∙ തിരുവോണാഘോഷത്തിന് മണിക്കൂറുകൾ ശേഷിക്കെ കേരളം ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ. രാവിലെ മുതൽ സജീവമായ ചന്തകളിൽ വൈകിട്ടും തിരക്ക് തുടരുകയാണ്. തിരുവോണ സദ്യവട്ടം ഇത്തവണ കെങ്കേമമാക്കാൻ തന്നെയാണ് മലയാളികളുടെ തയാറെടുപ്പ്.

അത്തം മുതൽ സജീവമായ വിപണികളിൽ ഇന്നു തിരക്കേറെയാണ്. പച്ചക്കറി, പലവ്യഞ്ജനക്കടകളിൽ തുടങ്ങി വസ്ത്രവിപണിയിലും ഗൃഹോപകരണ വിൽപനശാലകളിലും വരെ വൻ തിരക്കാണ്. ഓണക്കച്ചവടം പൊടിപൊടിച്ചതോടെ വ്യാപാരികളും ആവേശത്തിലാണ്. പച്ചക്കറി മാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാഴ്ചക്കുലകളുടെ വിപണിയും ചിപ്സ് കച്ചവടവും പായസവിൽപനയും തകൃതിയായി നടക്കുന്നുണ്ട്.

നാളെ തിരുവോണത്തിന് സദ്യ ഓർഡർ ചെയ്യാനുള്ള സൗകര്യം നഗരങ്ങളിൽ മുതൽ ചെറുപട്ടണങ്ങളിൽ വരെയുള്ള ഭക്ഷണശാലകളും കേറ്ററിങ് സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. സദ്യവട്ടങ്ങൾക്കൊപ്പം പൂവിപണിയും ഇത്തവണ ഉഷാറാണ്. നാളെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളുമൊക്കെ വലിയ പൂക്കളങ്ങൾ ഒരുക്കുന്നുണ്ട്. അതിനായി പലരും പൂക്കൾ നേരത്തേ ഓർഡർ ചെയ്തുകഴിഞ്ഞു. 

വിവിധ ഇടങ്ങളിൽ വിപണന മേളകളും ആദായ വിൽപനകളും സജീവമായതിനാൽ മിക്കവരും കുടുംബസമേതം സാധനങ്ങൾ വാങ്ങാനും മറ്റും എത്തുന്നത് കേരളത്തിൽ മിക്കയിടത്തും ഗതാഗതത്തിരക്കു കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരവും കോഴിക്കോടും കോട്ടയവുമടക്കമുള്ള നഗരങ്ങളിലെല്ലാം പ്രധാന നിരത്തുകളിലുൾപ്പെടെ തിരക്കുണ്ട്. കൊച്ചി നഗരത്തിൽ ഇന്നലെവരെ വലിയ തിരക്കുണ്ടായിരുന്നു, ഇന്നു പകൽ പതിവു തിരക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വൈകുന്നേരത്തോടെ ബ്രോഡ്‌വേയിലടക്കം തിരക്കുണ്ട്. 

തിരുവനന്തപുരം ചാല മാർക്കറ്റിലും കോട്ടയം ചന്തക്കവലയിലും ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തൃശൂർ ശക്തൻ മാർക്കറ്റിലും കോഴിക്കോട് മിഠായിത്തെരുവിലും പതിവു പോലെ ആളുകൾ നിരത്ത് കീഴടക്കി കഴിഞ്ഞു. വസ്ത്ര വിപണന ശാലകളിലും വലിയ തിരക്കാണ് ഉത്രാടദിനം അനുഭവപ്പെടുന്നത്. ഓണക്കോടി സമ്മാനിക്കാനും ഓണപ്പുടവ ഉടുക്കാനുമായി കുടുംബസമേതമാണ് മലയാളികൾ വിപണികളിൽ എത്തിയിരിക്കുന്നത്.

ഉത്രാടപ്പാച്ചിലിന് എത്തുന്നത് നിരത്തിൽ തിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. നഗരങ്ങൾ പലതും തിരക്കുകൊണ്ട് വീർപ്പുമുട്ടുന്നുണ്ട്. ഉത്രാടപ്പാച്ചിലിനൊപ്പം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരുടെ തിരക്കും കൂടി നിരത്തുകളെ ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊലീസിന് നിയന്ത്രിക്കാനാവുന്നതിൽ അധികം തിരക്കാണ് അനുഭവപ്പെടുന്നത്.

ദൂരെസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരിൽ പലരും ബസുകളിലും മറ്റും സീറ്റ് ലഭിക്കാതായതോടെ സ്വന്തം വാഹനങ്ങളിലാണ് വീടുകളിലേക്ക് മടങ്ങുന്നത്. ഇതോടെ നിരത്തുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ട്രെയിനുകളിലും സ്ഥിതി വിഭിന്നമല്ല. റിസർവേഷൻ ഫുൾ ആയതോടെ ജനറൽ കോച്ചുകളിൽ വൻ തിരക്കാണ് ഉള്ളത്. വിദ്യാലയങ്ങളിൽ ഇന്നലെത്തന്നെ ഓണാഘോഷം അവസാനിച്ചത് വിദ്യാർഥികൾക്ക് ആശ്വാസമായി. പലരും ഇന്നലെയും ഇന്ന് രാവിലെയുമായി വീടുകളിൽ എത്തി.

English Summary:

Uthradappachil Frenzy Grips Kerala as Onam Celebrations Near

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com